മധുവിനെ തല്ലി കൊന്നത് തന്നെ.. തലയ്‌ക്കേറ്റ ക്രൂര മർദ്ദനത്തിൽ ആന്തരിക രക്ത സ്രാവം.. വാരിയെല്ലുകൾ തകർന്നു... അട്ടപ്പാടിയിൽ മനുഷ്യ മൃഗങ്ങൾ തല്ലിക്കൊന്ന മധുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്...

അട്ടപ്പാടിയിൽ മനുഷ്യ മൃഗങ്ങൾ തല്ലിക്കൊന്ന മധുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മധുവിനെ മർദ്ദിച്ചു കൊന്നതാണെന്ന വാദം ശരിവച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മധു മരിച്ചത് തലയ്ക്ക് മർദ്ദനമേറ്റതിനെ തുടർന്നുണ്ടായ ആന്തരികരക്തസ്രാവം കാരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് തൃശൂർ റേഞ്ച് ഐ.ജി എം.ആർ.അജിത് കുമാർ പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. പൊലീസിന്റെ കൂടി സാന്നിദ്ധ്യത്തിൽ നടത്തിയ പോസ്റ്റുമോർട്ടം പൂർണമായും കാമറയിൽ പകർത്തിയിട്ടുണ്ട്.
മധുവിന്റെ നെഞ്ചിലും മർദ്ദനമേറ്റതായും റിപ്പോർട്ടിലുണ്ട്. ഇത് സാധൂകരിക്കുന്ന പാടുകളും നെഞ്ചിൽ കണ്ടെത്തി. തലയ്ക്കേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമായത്. അവശനിലയിലായ മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്പോൾ പൊലീസ് ജീപ്പിൽ വച്ച് ഛർദ്ദിച്ചിരുന്നു. തലയിലുണ്ടായ ക്ഷതം കാരണമാണ് മധു ഛർദ്ദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
പതിനഞ്ചോളം പേരുണ്ടായിരുന്ന സംഘത്തിൽ ഏഴു പേരാണ് തന്നെ തല്ലിച്ചതച്ചതെന്ന് മധു പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുക്കാലി പാക്കുളത്തെ വ്യാപാരി കെ.ഹുസൈൻ, പി.പി.കരീം, മാത്തച്ചൻ, മനു, അബ്ദുൾ റഹ്മാൻ, അബ്ദുൾ ലത്തീഫ്, ഉമ്മർ തുടങ്ങിയവരുടെ പേര് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഘത്തിൽ ഏഴുപേരെ അഗളി പൊലീസ് ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവർ മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം സ്റ്റേഷനുകളിൽ രാത്രിയോടെ കീഴടങ്ങി.
ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, ആദിവാസികൾക്ക് മാത്രമാണ് കാട്ടിൽ കയറാനുള്ള അവകാശം. അതു മറികടന്ന് കാട്ടിലെത്തി മധുവിനെ മർദ്ദിച്ചവർക്കെതിരെ വനാവകാശ നിയമമനുസരിച്ചും കേസെടുക്കും.
https://www.facebook.com/Malayalivartha
























