ഇറാഖില്‍ നിന്നും നഴ്സുമാരെ രക്ഷപെടുത്തിയത് ഇന്ത്യക്കാരായതിനാൽ; പ്രധാനമന്ത്രിക്ക് മറുപടിയുമായി ഉമ്മൻചാണ്ടി

ഇറാഖില്‍ നിന്നും രക്ഷപ്പെടുത്തിയ നഴ്സുമാരെല്ലാം ക്രിസ്ത്യാനികളായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നഴ്സുമാർ ക്രിസ്ത്യാനികളായതു കൊണ്ടല്ല മറിച്ചു ഇന്ത്യക്കാര്‍ എന്ന ഒറ്റ വികാരത്തിന്റെ പുറത്താണ് അവരെ രക്ഷിച്ചതെന്ന് ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു.
മേഘാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് പ്രധാനമന്ത്രിയുടെ വിവാദ പരാമർശം ഉണ്ടായത്. ഇറാഖില്‍ നിന്നും മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തിയത് ബിജെപി സര്‍ക്കാരാണെന്നും ആ നഴ്സുമാര്‍ എല്ലാവരും ക്രിസ്ത്യാനികളാണെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. മേഘാലയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
മേഘാലയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടുകള്‍ക്കുവേണ്ടി നഴ്സുമാരെ രക്ഷപ്പെടുത്തിയ വിഷയം നിസാരവല്‍ക്കരിച്ചത് അപമാനകരമാണെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ആദരണീയനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജി,
മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ, കേരളത്തിലെ നഴ്സുമാരെ കുറിച്ചുള്ള അങ്ങയുടെ പരാമർശം ഖേദകരമാണ്.ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിൻറെ പ്രധാന മന്ത്രി എന്ന നിലയിൽ അങ്ങേയറ്റം പ്രധിഷേധകരമായ വാക്കുകളാണ് അങ്ങയുടേത്. ഇറാഖിൽ ഐസ് ഭീകരർ ബന്ധികളാക്കിയ 46 മലയാളി നഴ്സുമാരെ 2014 ജൂലൈ മാസത്തിലാണ് നാട്ടിലെത്തിക്കുന്നത്. അന്നത്തെ യു ഡി എഫ് നേതൃത്വത്തിലുള്ള സംസഥാന സർക്കാരിന്റെയും, കേന്ദ്ര സർക്കാരിന്റെയും സംയുക്ത ശ്രമഫലമായിട്ടായിരുന്നു അത്. അന്ന് ഗൾഫിലുള്ള മലയാളി സമൂഹവും അതിനു വലിയ പിന്തുണയായിരുന്നു നൽകിയത്. ആ 46 നഴ്സുമാരുടെ കണ്ണീരും വിഷമവും തളം കെട്ടിയ കുടുംബങ്ങളുടെ പ്രയാസങ്ങൾക്കും, ആ സംഭവത്തിൽ ആദ്യാവസാനം സാക്ഷിയാകാനും കഴിഞ്ഞിരുന്ന ഒരാളെന്ന നിലയിൽ നിസംശയം പറയാം, അന്ന് അവരെ രക്ഷപ്പെടുത്താൻ മുന്നിട്ടിറങ്ങിയത് ആ നഴ്സുമാരാരും ക്രിസ്ത്യാനികളായതു കൊണ്ടായിരുന്നില്ല, മറിച്ചു ഇന്ത്യക്കാർ എന്ന ഒറ്റ വികാരമായിരുന്നു. ആപത്തിൽപ്പെട്ട മനുഷ്യരെ രക്ഷിക്കാനുള്ള വ്യഗ്രതയുമായിരുന്നു ഏവർക്കും ഉണ്ടായിരുന്നത്. അങ്ങയുടെ സഹപ്രവർത്തകയായ ശ്രീമതി സുഷമ സ്വരാജിനും ഇതിൽ നിന്നും വിഭിന്നമായ ഒരു അഭിപ്രായമുണ്ടാകില്ല.
ഇതിനെയാണ് അങ്ങ് മേഘാലയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ വോട്ടുകൾക്ക് വേണ്ടി നിസ്സാരവൽക്കരിച്ചതും, അപമാനിച്ചതും. നമ്മുടെ രാജ്യത്തിൻറെ വൈവിധ്യമാണ് നമ്മുടെ പ്രത്യേകത. ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും,സിഖുകാരനും,ബുദ്ധ,ജൈന,പാഴ്സി മത വിശ്വാസികളും വിശ്വാസത്തിനപ്പുറം, ആപത്തിലായാലും, ആഘോഷത്തിലായാലും ഭാരതീയർ എന്ന ഒറ്റ വികാരത്തിൽ ജീവിക്കുന്നവരാണ്.ഈ പരാമർശത്തിന് മുൻപ് നമ്മുടെ ഭരണഘടനയെങ്കിലും അങ്ങേക്ക് ഓർക്കാമായിരുന്നു.
മുൻപ് ലോകസഭാ തിരഞ്ഞെടുപ്പ് കാലത്തു ബി ജെ പിയുടെ പ്രധാന പ്രചാരണങ്ങളിലൊന്നായിരുന്നു ഇറ്റാലിയൻ നാവികർ കൊലപ്പെടുത്തിയ മലയാളി മത്സ്യ തൊഴിലാളികളുടെ കുറ്റവാളികളുടെ മോചനവുമായി ബന്ധപ്പെട്ടു നടന്നത്. കോൺഗ്രസ്സ് അധ്യക്ഷയായിരുന്ന ശ്രീമതി സോണിയാ ഗാന്ധിയുടെ ഇറ്റാലിയൻ ബന്ധം പ്രയോജനപ്പെടുത്തി അവർ രക്ഷപെടും എന്നായിരുന്നു താങ്കൾ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഉയർത്തിയ ആരോപണങ്ങൾ . എന്നാൽ യു പി എ യുടെ കാലത്തു മുഴുവനും ആ നാവികർ ഇന്ത്യൻ തടവറയിലായിരുന്നു . അങ്ങയുടെ ഭരണകാലത്താണ് ഇളവ് പ്രയോജനപ്പെടുത്തി അവർ ഇറ്റലിയിലേക്ക് മടങ്ങിയത്.
ഇക്കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്തും അങ്ങയുടെ നിരുത്തരവാദപരമായ വാക്കുകൾ ചർച്ചയായതായിരുന്നു. കോൺഗ്രസ്സ് നേതാക്കൾക്ക് പാകിസ്ഥാൻ ബന്ധമുണ്ട് എന്ന അത്യന്തം ഗൗരവകരമായ ആരോപണമാണ് അങ്ങ് പറഞ്ഞത് . രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരമൊരു കാര്യത്തിൽ ഭരണാധികാരി എന്ന നിലയിൽ അങ്ങ് നാളിതുവരെ എന്ത് നടപടിയായാണ് സ്വീകരിച്ചത് ? ഇല്ലാത്ത ഒരു കാര്യത്തിൽ എന്ത് നടപടിയാണ് എടുക്കുക അല്ലേ. രാഷ്ട്രീയത്തിൽ ആരോപണ-പ്രത്യാരോപണങ്ങൾ സ്വാഭാവികമാണ്. പക്ഷെ അങ്ങ് രാജ്യത്തിന്റെ , എല്ലാവരുടെയും പ്രധാനമന്ത്രിയാണെന്ന കാര്യം മറക്കരുത്.
സ്നേഹത്തോടെ
ഉമ്മൻ ചാണ്ടി.
https://www.facebook.com/Malayalivartha
























