സർക്കാർ ആദിവാസികൾക്ക് വേണ്ടി നിരവധി പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവയൊന്നും തന്നെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ എത്തിച്ചേരുന്നില്ല... ഇടുക്കിയിലും വയനാടും പഠനം നടത്തിയ സംസ്ഥാന മനഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തൽ പുറത്ത്...

അട്ടപ്പാടിയിലെ മധു മാത്രമല്ല നൂറുകണക്കിന് ആദിവാസികളാണ് സംസ്ഥാനത്തെ വനാന്തരങ്ങളിൽ പട്ടിണി കിടക്കുന്നത്. സർക്കാർ ആദിവാസികൾക്ക് വേണ്ടി നിരവധി പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവയൊന്നും തന്നെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ എത്തിച്ചേരുന്നില്ലെന്നാണ് ഇത് സംബന്ധിച്ച് ഇടുക്കിയിലും വയനാടും പഠനം നടത്തിയ സംസ്ഥാന മനഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തൽ.
സർക്കാർ പണം മുഴുവൻ ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേർന്ന് തട്ടികൊണ്ടു പോകുന്ന കാഴ്ചയാണ് കേരളത്തിൽ കണ്ടുവരുന്നത്. പണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ചില പ്രദേശങ്ങൾ സോമാലിയയെ പോലെയാണെന്ന് വിശേഷിപ്പിച്ചപ്പോൾ വെളിച്ചപ്പാടുകളെ പോലെ വാളെടുത്തവർ ഇപ്പോൾ ഇക്കാര്യം സമ്മതിക്കുന്നു.
മാറി മാറി വരുന്ന സർക്കാരുകൾ ആദിവാസികൾക്കായി പ്രഖ്യാപിക്കുന്ന ഓരോ പദ്ധതിയും ജലരേഖയായി മാറാറാണ് പതിവ്. സർക്കാർ ലക്ഷം കോടികളാണ് ആദിവാസി മേഖലയിൽ ചെലവഴിക്കുന്നത്. ബജറ്റിൽ വകയിരുത്തുന്ന കോടികൾ ജില്ലാ കളക്ടറേറ്റുകളിലിരിക്കുന്ന പട്ടികവർഗ വികസന ഓഫീസർമാരിലെത്തുന്നു. അവർ എയർ കണ്ടീഷൻഡ് മുറികളിലിരുന്നാണ് ആദിവാസികളെ ഉദ്ധരിക്കുന്നത്. പട്ടികവർഗക്കാർക്കായി വിഭാവനം ചെയ്യുന്ന പദ്ധതികൾക്കായി വിലയിരുത്തുന്ന തുക കളക്ടറേറ്റുകളിൽ മറ്റ് ആവശ്യങ്ങൾക്കായി വക മാറ്റുന്നതും പതിവാണ്. കളക്ടർക്ക് ആഢംബര കാർ എടുക്കാൻ വരെ പട്ടികവർഗകാരുടെ ഗ്രാന്റ് ഉപയോഗിക്കുന്നുണ്ട് എന്നാണ് രഹസ്യ റിപ്പോർട്ട്.
ആദിവാസി മേഖലയിലെ ചൂഷണങ്ങൾ കണ്ടെത്താൻ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വയനാട്, ഇടുക്കി ജില്ലകളിലെ ആദിവാസി മൂപ്പൻമാരെ വിളിച്ച് ചേർത്ത് ഒരു യോഗം നടത്തിയിരുന്നു. ജില്ലയിലെ പട്ടികവർഗ ഉദ്യോഗസ്ഥരെയും മറ്റും യോഗത്തിലേക്ക് വിളിച്ചിരുന്നു. മൂന്നാറിൽ നടന്ന യോഗത്തിൽ ഊരുമൂപ്പൻമാർ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ചു. സർക്കാർ പണം വകമാറ്റുന്ന പ്രവണതക്കെതിരെയായി ആദിവാസികൾ വർഷങ്ങളായി കലാപം കൂട്ടുന്നു. ഒന്നിനും പ്രതിഫലം ലഭിക്കുന്നില്ല. സർക്കാരാകട്ടെ ഇത്തരം വകമാറ്റ ലുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയുന്നത്.
ആദിവാസി ഫണ്ട് സർക്കാർ ശമ്പളം നൽകാൻ വകമാറ്റുന്നുണ്ടോ എന്ന കാര്യം പരിശോധനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. ശമ്പളം നൽകാൻ പണമില്ലാത്ത സാഹചര്യത്തിൽ അത്തരം പ്രവർത്തനങ്ങൾ നടക്കാനുള്ള സാധ്യത ഏറെയാണ്.
പട്ടിക വർഗ ഉദ്യോഗസ്ഥരിൽ നല്ലൊരു ശതമാനവും അഴിമതി ക്കാരാണെന്ന് വയനാടും മുന്നാറിലും യോഗത്തിൽ പങ്കെടുത്ത മൂപ്പൻമാർ പറഞ്ഞു. ആദിവാസി ഊരുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ഇവർക്ക് ആവേശമാണ്. കണ്ണൂർ ജില്ലയിലെ കേളകം സന്ദർശിച്ച കമ്മീഷൻ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകളാണ്. പണി പൂർത്തിയാകാത്ത നിരവധി കെട്ടിടങ്ങൾ ഇവിടെ കാണാം. പലതും കാടുകയറി നശിച്ചു. ആദിവാസികൾ കോൺക്രീറ്റ് കെട്ടിടങ്ങളിൽ താമസിക്കില്ലെന്നതാണ് സർക്കാർ ഉദ്യോഗസ്ഥരുടെ വിചിത്ര വാദം. അങ്ങനെയാണെങ്കിൽ ലക്ഷങ്ങൾ മുടക്കി എന്തിന് കെട്ടിടങ്ങൾ നിർമ്മിച്ചു എന്ന ചോദ്യത്തിന് മറുപടിയില്ല. കെട്ടിടം കെട്ടിയാലേ കീശ വീർക്കൂ. ഇതിനു പകരം ആദിവാസികളുടെ തനത് രീതിയിൽ വാസസ്ഥലങ്ങൾ നിർമ്മിച്ച് നൽകാമായിരുന്നു.
ആദിവാസികൾ ശുചി മുറി ഉപയോഗിക്കില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുമ്പോൾ അവർക്ക് വേണ്ടി നിരവധി ശുചി മുറികൾ നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്നുണ്ട്.
അതേ സമയം ആദിവാസി സ്ത്രീകളുടെ മാസമുറ സമയത്ത് അവരെ വാലായ്ക പുരകളിലേക്ക് മാറ്റുന്ന തരത്തിലുള്ള അനാചാരങ്ങൾ ഒഴിവാക്കാനുള്ള ബോധവത്കരണം നൽകാൻ പട്ടിക വർഗ വിഭാഗം ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആദിവാസി മേഖലയിലെ സ്കൂളുകളിൽ കുട്ടികൾ കൊഴിഞ്ഞിട്ടും നടപടിയില്ല. അവർക്കുള്ള ജോലി സാധ്യതയെ കുറിച്ച് ഒരു തരത്തിലുള്ള ബോധവത്കരണവും നടത്തുന്നില്ല.
മധു കൊല്ലപ്പെട്ടത് അരി മോഷ്ടിച്ചപ്പോഴാണ്. അപ്പോൾ പൊതുവിതരണ കേന്ദ്രങ്ങൾവഴി സർക്കാർ നൽകുന്ന റേഷൻ എവിടെ പോയി? ആദിവാസികൾ എക്കാലത്തും സർക്കാരിന് കറവപശുവാണ്. ഉദ്യോഗസ്ഥർ സമ്പന്നരാകുന്നു എന്ന തൊഴിച്ചാൽ ഇക്കാര്യത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. അടുത്ത യോഗം അട്ടപ്പാടിയിലാണ്.
https://www.facebook.com/Malayalivartha
























