കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ഗൗരി നേഘയുടെ മരണം; അന്വേഷണ സംഘം സ്വാധീനത്തിന് വഴങ്ങിയതായി പിതാവ്

കൊല്ലം ട്രിനിറ്റി ലൈസിയം സ്കുളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ സ്കൂൾ കെട്ടിടത്തിൽ നിന്നും വീണു മരിച്ച ഗൗരി നേഘയുടെ മരണം സംബന്ധിച്ച് നടക്കുന്ന അന്വേഷണം പ്രഹസനമാകുന്നതായി പരാതി. സംഭവം സി ബി ഐ അന്വേഷിക്കണമെന്നാണ് ഗൗരിയുടെ മാതാപിതാക്കളുടെ ആവശ്യം. സ്കൂൾ മാനേജ്മെന്റും പോലീസും ചേർന്ന് അന്വേഷണം അട്ടിമറിക്കുന്നു എന്നാണ് പരാതി. തന്റെ മകളെ കൊന്നതാണെന്ന് മാതാപിതാക്കൾ പറയുന്നു. സ്കൂൾ മാനേജ്മെന്റ് തെളിവുകൾ നശിപ്പിക്കുന്നു. പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം അന്വേഷണത്തിലൂടെ മനപൂർവം സൃഷ്ടിക്കുന്നു. മരിച്ച മകൾക്കോ മാതാപിതാക്കളായ തങ്ങൾക്കോ നീതി ലഭിക്കില്ലെന്നാണ് വിശ്വാസം.
തങ്ങൾ വിവരാവകാശ അപേക്ഷ നൽകിയപ്പോൾ മറുപടി നൽകാതെ നിരസിച്ചു. ഗൗരിയുടെ സഹോദരിയുടെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. സഹപാഠികളുടെ മൊഴികളിൽ മാറ്റം വരുന്നു. അന്വേഷണത്തിൽ കൃത്രിമം കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വതന്ത്രവും ഭയരഹിതവുമായി മൊഴി നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് കുട്ടികളുടെ മൊഴിയെടുത്തത്.
മരിക്കുന്നതിന് മുമ്പ് ഗൗരി അധ്യാപകരായ സിന്ധു പോളിനും ക്രസന്റ്സ് നെവിസിനും ഒപ്പമായിരുന്നു. അവർക്ക് മകളോട് പകയുണ്ടായിരുന്നു. ഊണ് കഴിക്കാൻ സമ്മതിക്കാതെ കുട്ടിയെ കൊണ്ടുപോയത് എങ്ങോട്ടാണെന്ന് രക്ഷകർത്താക്കൾ ചോദിക്കുന്നു. ഇതെല്ലാം സി സി റ്റി വിയിൽ പതിഞ്ഞിട്ടുണ്ടാകും. എന്നാൽ സിസിറ്റി വി ദൃശ്വങ്ങൾ നശിപ്പിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ തെളിവ് നശിപ്പിക്കുന്നതിനു വേണ്ടിയാണ്.
ഒരു ദൃശ്യം പോലും അവശേഷിപ്പിക്കാതെ തന്റെ മകൾ അപ്രത്യക്ഷയാകില്ലെന്നാണ് മാതാപിതാക്കളുടെ വിശ്വാസം. ആശുപത്രിയിൽ കുട്ടിയെ കാണുമ്പോൾ അവൾ ചാടിയതല്ലെന്ന് പറഞ്ഞതായി മാതാപിതാക്കൾ പറയുന്നു. എന്നാൽ സംസാരിക്കരുതെന്ന് ഡോക്ടർ കർശന നിർദ്ദേശം നൽകി. എല്ലാ സൗകര്യങ്ങളുമുള്ള ജില്ലാ ആശുപത്രിയിൽ കുട്ടിയെ കൊണ്ടു പോകാതിരിക്കാൻ ശ്രദ്ധിച്ചത് എന്തിനു വേണ്ടിയാണെന്ന് മാതാപിതാക്കൾ ചോദിക്കുന്നു. പോലീസ് വന്നിട്ടും ഐ സി യു ഡോർ തുറക്കാത്തത് എന്തിന് വേണ്ടിയാണെന്ന് രക്ഷകർത്താക്കൾ ചോദിക്കുന്നു. മകൾ പോലീസിനോട് സംസാരിക്കാതിരിക്കാൻ മയക്കുമരുന്ന് കുത്തിവച്ചു.
കുട്ടി എങ്ങനെ വീണു എന്ന കാര്യം അധ്യാപകർ മറച്ചു വച്ചു. അധ്യാപികർ തങ്ങളുടെ മകളെ തള്ളിയിട്ടു എന്നാണ് രക്ഷകർത്താക്കൾ വിശ്വസിക്കുന്നത്. കൊല്ലപ്പെട്ട മകൾ പിണക്കത്തിന്റെ പേരിൽ ചാടി എന്ന് വരുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും മാതാപിതാക്കൾ പറയുന്നു.
സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് വരികയുള്ളു. ബിഷപ്പ് ഹൗസിന് പോലീസിനെ നിസാരമായി സ്വാധീനിക്കാൻ കഴിയും. ഇത്തരമൊരു സാഹചര്യത്തിൽ സിബിഐ അന്വേഷണം നടത്തിയേ മതിയാകൂ എന്നാണ് നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷകൾ പരിഗണിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
https://www.facebook.com/Malayalivartha
























