ഭക്ഷണം പാകം ചെയ്യുകയായിരുന്ന മധുവിനെ വിചാരണ ചെയ്ത് അടുപ്പ് കല്ലിനടുത്ത് വെണ്ണീറില്‍ മുട്ടുകാലില്‍ നിര്‍ത്തി മർദ്ദനത്തിനിരയാക്കി; കല്‍ക്കെട്ടില്‍ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റു: തൊഴിയും ചവിട്ടുമേറ്റ മധുവിനെ തലയില്‍ മണല്‍ചാക്ക് കയറ്റി മുക്കാലി കവലയിലേക്ക് നടത്തിയത് രണ്ട് കിലോമീറ്ററോളം! അവശനായി കുഴഞ്ഞ മധു വെള്ളത്തിനായി യാചിച്ചപ്പോൾ ആട്ടും തുപ്പും പരിഹാസവുമായി ആൾക്കൂട്ടത്തിന്റെ ക്രൂര വിനോദം

വ്യാഴാഴ്ച രാവിലെ 10.30ഒാടെ ആള്‍ക്കൂട്ടം ഉള്‍വനത്തിലെ ഗുഹാ പരിസരത്തെത്തുമ്പോൾ മധു ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ഇതോടെ ഇവിടെയെത്തിയ നരാധമന്മാരുടെ ക്രൂര വിനോദത്തിന് തുടക്കമായി. മധുവിനെ വിചാരണ ചെയ്ത് അടുപ്പുകല്ലിനടുത്ത് വെണ്ണീറില്‍ മുട്ടുകാലില്‍ നിര്‍ത്തി മർദ്ദിച്ചു.
ഗുഹക്ക് പുറത്തെ കല്‍ക്കെട്ടില്‍ ഇടിച്ച് തലക്ക് മാരക പരിക്കേറ്റു. മരണ കാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഇൗ പരിക്കാണ്. തൊഴിയും ചവിട്ടുമേറ്റ മധുവിനെ തലയില്‍ മണല്‍ചാക്ക് കയറ്റി മുക്കാലി കവലയിലേക്ക് രണ്ട് കിലോമീറ്റര്‍ നടത്തിച്ചു. അടികൊണ്ടും ഭാരമേറ്റിയും വലഞ്ഞ മധു വെള്ളത്തിന് യാചിച്ചപ്പോള്‍ കുപ്പിയില്‍ നിന്ന് നാക്കിലേക്ക് ഒരുതുള്ളി മാത്രം നല്കി.
സൈലന്റ് വാലി ഫോറസ്റ്റ് ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നിലൂടെയാണ് അക്രമികള്‍ മധുവിനെ കൊണ്ടുവന്നത്. കവലയില്‍ എത്തും മുമ്പേ തലയില്‍നിന്ന് മണല്‍ ചാക്ക് എടുത്തുമാറ്റി. കവലയില്‍ വെച്ചും മധു പ്രാണ വേദനയോടെവെള്ളം ചോദിച്ചു. കൊടുക്കരുതെന്ന് ചിലരാവശ്യപ്പെടുന്നത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഈ കവലയില്‍നിന്നാണ് മധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മധു തനിക്കുണ്ടായ കൊടുംയാതനകള്‍ പറഞ്ഞിട്ടും പൊലീസില്‍നിന്ന് നടപടിയുണ്ടായില്ല. മര്‍ദനം നടത്തിയവര്‍ക്കെതിരെ, ആദിവാസികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് എടുക്കേണ്ട വകുപ്പ് പ്രകാരം നടപടിയെടുക്കാത്തതും വിവാദമായിട്ടുണ്ട്.
അഗളി ഗ്രാമപഞ്ചായത്തിലെ ചിണ്ടക്കി ആദിവാസി ഊരിലെ ഗോത്രവര്‍ഗ പ്രമോട്ടര്‍ സി.പി. രംഗന് നല്കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. ഊരുവാസികളും മജിസ്ട്രേറ്റിന് സമാനമൊഴി നല്‍കിയതായാണ് വിവരം. ഭക്ഷ്യസാധനങ്ങള്‍ നഷ്ടപ്പെടുന്നത് പതിവായപ്പോള്‍ പരിസരത്തെ ചില വ്യാപാര സ്ഥാപനങ്ങളില്‍ സി.സി.ടി.വി സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങളിലുള്ളത് മധുവാണെന്ന ആക്ഷേപമുണ്ടായിരുന്നു. ഇതില്‍ ലഭിച്ച പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ല. ദൃശ്യങ്ങളിലുള്ളത് മധുവല്ലെന്ന് ആദിവാസി സംഘടനകള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























