യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ മണ്ണാര്‍ക്കാട് ഹർത്താൽ

മണ്ണാര്‍ക്കാട് കോടതിപ്പടിയിലെ തുണിക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് ഹർത്താലിനു ആഹ്വാനം ചെയ്തു. കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ വറോടന്‍ സിറാജുദ്ദീന്റെ മകനുമായ സഫീറാണ് (23) കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് കൊലപാതകം നടന്നത്. ഗുരുതരമായി പരിക്കേറ്റ സഫീറിനെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സഫീറിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്ക് ജെന്‍ഡ്സ് ഷോപ്പിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്. ഇവര്‍ ഓടിരക്ഷപ്പെട്ടു. സഫീര്‍ യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകനാണ്. കുന്തിപ്പുഴ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രദേശത്ത് സി.പി.ഐ-മുസ്ലിം ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.
നേരത്തേ സഫീറിന്റെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവമുണ്ടായിരുന്നു. കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളായ മൂന്നുപേരാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പൊലീസ് കാവലേര്‍പ്പെടുത്തി. യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. മൃതദേഹം വട്ടമ്പലം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha























