അട്ടപ്പാടിയില്‍ മധു മാത്രമല്ല വിശന്നിരിക്കുന്നത്... മാനസികവെല്ലുവിളികള്‍ നേടിരുന്ന ആദിവാസി യൗവനങ്ങളുടെ നേര്‍കാഴ്ചയായി രാജേന്ദ്രനും; പഠിക്കാന്‍ സമര്‍ഥരായ യുവാക്കള്‍ക്കെന്ത് സംഭവിക്കുന്നു

അട്ടപ്പാടിയില്‍ വിശപ്പിന്റെ വിലയറിഞ്ഞ് മധു പോയപ്പോള്‍ തേങ്ങിയ മലയാളിക്ക് മുമ്പില്‍ ധാരാളം പേര്‍ വിശന്നു വലഞ്ഞ് നില്‍ക്കുന്നു. അതില്‍ കരളലിയിക്കുന്ന കഥയാണ് രാജേന്ദ്രന് പറയാനുള്ളത്. മധുവിന്റെ മരണത്തില്‍ കാടിന്റെ മക്കള്‍ ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിച്ചപ്പോള്‍ മുന്നില്‍ വരാതിരുന്ന രാജേന്ദ്രന്‍ രാത്രിയിലെപ്പോഴോ സമരപ്പന്തലിനരികിലെത്തി. വന്നത് ഒരു നേരത്തേ ഭക്ഷണം തേടിയായിരുന്നു.
മധുവിന്റെ മരണവും പിന്നീടുള്ള സംഭവങ്ങളും തിരിച്ചറിയാതെപോയ രാജേന്ദ്രന്‍ ലക്ഷ്യവും പ്രതികരണശേഷിയും നഷ്ടപ്പെട്ട് മാനസികവെല്ലുവിളികള്‍ നേടിരുന്ന ആദിവാസി യൗവനങ്ങളുടെ നേര്‍കാഴ്ചയാണ്.
പുതൂര്‍ പഞ്ചായത്തിലെ താഴെതുടുക്കി ഊരിലെ രാജേന്ദ്രന്‍ (28) രണ്ടുവര്‍ഷമായി അഗളിയിലെ തെരുവുകളിലാണ് താമസിക്കുന്നത്. ചെറുപ്പത്തിലേ, അമ്മ കാളിയെ കാലം തിരിച്ചുവിളിച്ചു. അച്ഛന്‍ വെള്ളിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. അമ്മയെ നഷ്ടമായത് രാജേന്ദ്രനേറ്റ ആദ്യത്തെ മുറിവായിരുന്നു.
പഠിക്കാന്‍ സമര്‍ഥനായിരുന്നു. പ്ലസ്ടു ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയിച്ചത്. തുടര്‍ന്ന് ബി.ഫാമിന് കേരളത്തിനുപുറത്ത് ഒരു കോളേജില്‍ പ്രവേശനം നേടി. രണ്ടുവര്‍ഷംകൊണ്ട് കാര്യങ്ങളാകെ മാറി. പഠനം നിര്‍ത്തി, മാനസികനില കീഴ്‌മേല്‍ മറിഞ്ഞനിലയില്‍ ഊരില്‍ തിരിച്ചെത്തി. അവിടെ എന്തോ തിക്താനുഭവം ഉണ്ടായെന്നുമാത്രമേ ഊരുകാര്‍ക്കറിയൂ. അന്നുമുതല്‍ തെരുവില്‍ അലയാന്‍ തുടങ്ങി. ഇപ്പോഴും തുടരുന്നു. കിട്ടിയത് കഴിച്ചും തെരുവോരത്ത് കിടന്നുറങ്ങിയും പോകുന്ന ഇയാള്‍ ഊരുകള്‍ക്ക് പരിചിതനാണ്.
വീട്ടില്‍പ്പോകാതെ കോട്ടത്തറ, അഗളി എന്നിവിടങ്ങളില്‍ അലഞ്ഞുതിരിയുന്ന രാജേന്ദ്രനെ കണ്ടെത്തി ചികിത്സനല്‍കി രോഗം ഭേദമാക്കാന്‍ കോട്ടത്തറ സര്‍ക്കാര്‍ ആസ്പത്രി സൂപ്രണ്ട് ഡോ. ആര്‍. പ്രഭുദാസ് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. നാലുമാസം ആസ്പത്രിയില്‍ കഴിഞ്ഞു. ഒരുനാള്‍ ആരോടും പറയാതെ ഇറങ്ങിപ്പോയി. മരുന്നുമായി പിറകെ പോയെങ്കിലും രാജേന്ദ്രന്‍ പിടികൊടുത്തില്ല. അലച്ചില്‍ തുടര്‍ന്നു. ഒടുവില്‍ ശനിയാഴ്ച രാത്രി അയാള്‍ മധുവിന് നീതി ലഭിക്കാന്‍ കെട്ടിയ സമരപ്പന്തലിനരികിലുമെത്തി.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് മാനസിക വെല്ലുവിളി നേരിടുന്ന അഞ്ഞൂറിലധികം ആളുകള്‍ അട്ടപ്പാടിയിലെ വിവിധ ആദിവാസി ഊരുകളിലുണ്ട്. ഇവരുടെ പുനരധിവാസത്തിനുള്ള ഒരു നടപടിയും സര്‍ക്കാര്‍ ഇനിയും തുടങ്ങിയിട്ടില്ല.
https://www.facebook.com/Malayalivartha























