ഒരു ദിവസം ജോലിക്ക് പോകാത്തതിന്റെപേരിൽ അന്യസംസ്ഥാന തൊഴിലാളിയോട് കടയുടമയുടെ ക്രൂരത

ഒരു ദിവസം ജോലിക്ക് പോകാത്തതിന്റെപേരിൽ അന്യസംസ്ഥാന തൊഴിലാളിയെ കടയുടമ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ബിഹാര്‍ സ്വദേശി മുഹമ്മദ് മുഫ്താഖിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കടയുടമ രാജകുമാരി തെക്കേരിക്കല്‍ കീരനെന്ന് വിളിക്കുന്ന ലതീഷ് (40), സുഹൃത്തുക്കളായ രാജകുമാരി പുതിയിടത്ത് ബെന്നി സ്കറിയ (40), ബൈസണ്‍വാലി നാല്‍പ്പതേക്കര്‍ കിഴക്കേപ്പറമ്പില്‍ സജേഷ് (32) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. രാജകുമാരിയില്‍ ലതീഷിന്റെ കടയില്‍ ബജിയുണ്ടാക്കുന്ന ജോലിയായിരുന്നു മുഹമ്മദിന്.
ഞായറാഴ്ച ഇയാള്‍ അവധിയെടുത്തതിനാൽ ബജി വില്‍പന മുടങ്ങിയിരുന്നു. അതോടെ കുപിതനായ ലതീഷും സുഹൃത്തുക്കളും ചേര്‍ന്നു താമസിക്കുന്ന മുറിയിലെത്തി മുഹമ്മദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവസമയത്ത് മറ്റൊരു അന്യസംസ്ഥാനത്തൊഴിലാളി തന്‍ബീര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. അവശനായ മുഹമ്മദിനെ ഇവരുടെ വാഹനത്തില്‍ കയറ്റി ലതീഷിന്റെ കടയിലെത്തിച്ചും മര്‍ദിച്ചിരുന്നു. തുടര്‍ന്ന് മുഹമ്മദ് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ രാജാക്കാട് എസ്.ഐ: പി.ഡി അനൂപ്മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. തന്‍ബീറും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























