വയറ്റിലുണ്ടായിരുന്നത് പഴത്തിന്റെ കഷ്ണവും കായ്കനികളുടെ ചെറിയ അംശവും, പേശികള്‍ ശോഷിച്ച അവസ്ഥയില്‍, മധു മാസങ്ങളോളം പട്ടിണികിടന്നതിന് തെളിവുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍, അന്നത്തിന്റെ അംശം ഒട്ടുമില്ല... പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ

മധു എന്ന ആദിവാസി യുവാവിനെ തല്ലിച്ചതച്ചപ്പോള്‍ ജനങ്ങളറിഞ്ഞില്ല മധുവിന്റെ വയറ്റില്‍ ആകെയുണ്ടായിരുന്നത് പഴത്തിന്റെ കഷ്ണവും കായ്കനികളുടെ ചെറിയ അംശവും മാത്രമാണെന്ന കാര്യം. അന്നത്തിന്റെ അംശം മധുവിന്റെ വയറ്റില്‍ തീരെയില്ലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത് ഈ കാര്യം.
മധു മുഴുപ്പട്ടിണിയിലായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകള്‍. ശാരീരികമായും ഇയാള്‍ അവശനായിരുന്നെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.വളരെക്കാലം പട്ടിണി കിടന്നതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. എല്ലുപൊന്തി, മാംസഭാഗങ്ങള്‍ കുറഞ്ഞ നിലയിലായിരുന്നു ശരീരം. പേശികളും ശോഷിച്ച അവസ്ഥയിലായിരുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്‌ബോള്‍തന്നെ മൃതദേഹത്തിന് ചെറിയതോതില്‍ നിറംമാറ്റം വന്നിരുന്നു. വ്യാഴാഴ്ച വൈകീട്ടുനടന്ന സംഭവത്തില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. ശനിയാഴ്ചയാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
മൂന്നുമണിക്കൂറോളം നീണ്ട വിശദമായ പോസ്റ്റ്‌മോര്‍ട്ടമാണ് അധികൃതര്‍ നടത്തിയത്. മധുവിന്റെ ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന വിവരം നേരത്തേതന്നെ പുറത്തുവന്നിരുന്നു.തലയ്‌ക്കേറ്റ അടിയാണ് മരണകാരണം. വാരിയെല്ലുകളും ഒടിഞ്ഞു. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയപരിശോധനാഫലം വന്നാലേ മരണകാരണം കൂടുതല്‍ വ്യക്തമാവുകയുള്ളൂ.
സംഭവം കൊലക്കുറ്റമാണെന്ന് തെളിഞ്ഞതോടെ പ്രതികള്‍ക്കെതിരെ ഐ.പി.സി 307,302,324 വകുപ്പുകള്‍ ചുമത്തി കേസന്വേഷിക്കുമെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി.എം.ആര്‍ ആജിത്കുമാര്‍ അറിയിച്ചു. മാത്രമല്ല എസ്.സി എസ്.ടി ആക്ടും ചേര്‍ത്ത് കേസെടുക്കും.
വെള്ളിയാഴ്ച നാല് മണിയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച മധുവിന്റെ മൃതദേഹത്തില്‍ ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. സംഭവത്തില്‍ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് പേരെ കൂടി കിട്ടാനുണ്ട്.
ഷംസുദ്ദീന്‍, ജെയ്ജുമോന്‍, സിദ്ദിഖ്, അബുബക്കര്‍, ഉബൈദ്, രാധാകൃഷ്ണന്‍, ഹുസൈന്‍, അബ്ദുള്‍ കരീം, അനീഷ്, മരക്കാര്‍ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. ഇതില്‍ എട്ടുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. എല്ലാവര്‍ക്കുമെതിരെയും ആദിവാസി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ് എല്ലാവര്‍ക്കുമെതിരെ എടുത്തിരിക്കുന്നത്.
മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം മൂന്നര മണിക്കൂറോളം നീണ്ടു നിന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ അട്ടപ്പാടി, മുക്കാലിയില്‍ മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് സമരക്കാര്‍ തടഞ്ഞു. പോലീസ് അറസ്റ്റ് ചെയ്ത മുഴുവന്‍ പ്രതികളെയും കാണണമെന്നാണ് സമരക്കാരുടെ ആവശ്യം.
https://www.facebook.com/Malayalivartha
























