സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സ്റ്റെന്റും പേസ്മേക്കറും നല്‍കില്ല ; സര്‍ക്കാര്‍ വരുത്തിയ ലക്ഷങ്ങളുടെ കുടിശിക നല്‍കാത്തതിനെത്തുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണ വിതരണക്കാർ പിന്മാറുന്നു

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നല്‍കേണ്ടതില്ലെന്ന് വിതരണക്കാരുടെ തീരുമാനം. എന്നാൽ ഇത് ബാധിക്കുന്നത് കടുത്ത ഹൃദ്രോഗികളെയാണ്. ഹൃദ്രോഗികൾക്ക് സറ്റെന്റും പേസ്മേക്കറും അടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ഹൃദയത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനം തടസപ്പെടുമ്ബോള്‍ ജീവന്‍ നിലനിറുത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് സ്റ്റെന്റും പേസ്മേക്കറും.
പേസ്മേക്കറും സ്റ്റെന്റും അടക്കമുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ വരുത്തിയ ലക്ഷങ്ങളുടെ കുടിശിക നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ വിതരണത്തിൽ നിന്ന് പിന്‍വാങ്ങുന്നത്. പണം നല്‍കാതെ ഉപകരണങ്ങള്‍ ഇനി നല്‍കാനാവില്ലെന്ന് വിതരണക്കാരുടെ സംഘടന ഒന്നടങ്കം തീരുമാനിച്ചതിന്റെ ഫലമായാണ് ഇത്തരം നടപടി. മാര്‍ച്ച് ഒന്നു മുതൽ വിതരണം നിർത്താനാണ് തീരുമാനം. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള നോട്ടീസ് ഇവര്‍ ഉടന്‍ സര്‍ക്കാരിനു നല്‍കും. വിതരണക്കാർ വിതരണം നിറുത്തുന്നതോടെ കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ തുടങ്ങിയവയില്‍ ഹൃദ്രോഗ ചികിത്സ തേടിയെത്തുന്നവര്‍ ബുദ്ധിമുട്ടിലാകും.
വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശിക തുക ഉടന്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ കഴിഞ്ഞ മാസം ആദ്യം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കാന്‍ വിതരണക്കാര്‍ തയാറല്ല. പണം നല്‍കിയാല്‍ മാത്രമേ വിതരണമുള്ളൂ എന്നാണ് ഇവരുടെ ഉറച്ച നിലപാട്.
വിതരണക്കാര്‍ക്ക് എഴുപതു കോടി രൂപയാണ് കുടിശികയായി സര്‍ക്കാര്‍ നല്‍കേണ്ടത്. ഇതില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ വിതരണം ചെയ്ത ഉപകരണങ്ങള്‍ക്കു മാത്രമായി 25 കോടി രൂപ രൂപ നല്‍കാനുണ്ട്.
വന്‍ തുക കുടിശിക വന്നതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനുള്ള ഉപകരണങ്ങളുടെ വിതരണം രണ്ടു മാസം മുമ്ബുതന്നെ നിറുത്തി വച്ചിരുന്നു. എന്നാല്‍, തുടര്‍ന്നു നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇവയുടെ വിതരണം വീണ്ടും ആരംഭിച്ചു. കുടിശിക ഉടന്‍ നല്‍കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇവ വീണ്ടും നല്‍കാന്‍ വിതരണക്കാര്‍ തയാറായത്. എന്നാല്‍ സര്‍ക്കാര്‍ ഈ പണം ഇനിയും നല്‍കിയിട്ടില്ല.
തങ്ങളുടെ പ്രശ്നം ആരോഗ്യ മന്ത്രി കെ. കെ. ശൈലജയുമായി വിതരണക്കാര്‍ വിശദമായി സംസാരിച്ചിരുന്നു. എന്നാല്‍ യാതൊരു മേല്‍ നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഉപകരണങ്ങള്‍ നല്‍കുന്നത് നിറുത്തി വച്ച് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ വിതരണക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























