അട്ടപ്പാടിയിൽ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കൊന്നതോടെ മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ള തീവ്രവാദികൾ കാടിന്റെ മക്കളുടെ മനസ് കൈയേറാൻ ശ്രമങ്ങൾ ആരംഭിക്കുന്നു

അട്ടപ്പാടിയിൽ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കൊന്നതോടെ മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ള തീവ്രവാദികൾ കാടിന്റെ മക്കളുടെ മനസ് കൈയേറാൻ ശ്രമങ്ങൾ ആരംഭിച്ചു. സർക്കാർ ഇതൊന്നും അറിഞ്ഞ മട്ടില്ല. അറിഞ്ഞാലും ഒന്നും ചെയ്യാനാവാത്ത തരത്തിൽ നിർവികാരമാണ് സർക്കാർ.
മധുവിന്റെ മരണത്തിൽ പ്രതിഷേധിക്കണമെന്നാണ് മാവോവാദികൾ ആഹ്വാനം ചെയ്തിരിക്കുന്നത്. മലയാളികളുടെ വംശീയ കടന്നാക്രമണങ്ങൾക്ക് ആദിവാസികൾ നിരന്തരം വിധേയരാകുന്നു എന്നാണ് മാവോവാദികൾ ഇറക്കിയ നോട്ടീസിൽ പറയുന്നത്. വയനാട് കല്പറ്റ പ്രസ് ക്ലബിലും പരിസരത്തുമാണ് നോട്ടീസ് പ്രചരിക്കുന്നത്. ഇന്ത്യ മുഴുവനുമുള്ള ജനാധിപത്യവിശ്വാസികൾ ഇതിനെതിരെ പ്രതികരിക്കണമെന്നാണ് ലഘുലേഖയിൽ പറയുന്നത്. മാവോ യിസ്റ്റുകൾക്ക് വേണ്ടി വക്താവ് ജോഗിയാണ് പ്രസ്താവന ഇറക്കിയത്.
നൂറു കണക്കിന് ആദിവാസികളെയാണ് മലയാളികൾ കൊന്നൊടുക്കിയതെന്ന് ലഘുലേഖയിൽ പറയുന്നു. ആദിവാസി ജനത വംശീയ കടന്നാക്രമണങ്ങൾക്ക് ഇരയാവുന്നു. പരിഷ്കാരികൾ എന്നറിയപ്പെടുന്ന മലയാളികളുടെ പിന്തിരിപ്പൻമുഖമാണ് ഇതിലൂടെ തെളിയുന്നത്. വയനാട്, പാലക്കാട് ജില്ലകളിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സാന്നിധ്യം വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടിട്ടുണ്ട്. കേരളത്തിൽ മാവോയിസ്റ്റുകൾ വന്നത് തന്നെ വനാന്തരങ്ങളിലൂടെയാണ്. ആദിവാസികൾക്കെതിരായ ചൂഷണം തടയുകയായിരുന്നു ലക്ഷ്യം. എന്നാൽ ആദിവാസികളെ ഉദ്ധരിക്കാൻ സർക്കാർ തുടങ്ങിയതോടെ ഇവരുടെ പിടി കുറഞ്ഞു. മധുവിന്റെ മരണത്തോടെ വീണ്ടും മാവോയിസ്റ്റുകളുടെ സാധ്യതകൾ വർധിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആദിവാസി ക്ഷേമത്തിൽ യാതൊരു താത്പര്യവുമില്ലെന്നാണ് മാവോവാദികൾ പറയുന്നത്. സി പി എമ്മിനെ കർശനമായ ഭാഷയിലാണ് മാവോവാദികൾ വിമർശിക്കുന്നത്. അവർ മനുഷ്യാവകാശ ധ്വംസനം നടത്തുന്നവരാണെന്നും ലഘുലേഖയിൽ പറയുന്നു. ഇത്തരം സംഭവങ്ങളെ ആകസ്മികമെന്നു പറഞ്ഞ് തള്ളരുതെന്നും മാവോവാദികൾ പറയുന്നു.
മാവോയിസ്റ്റുകൾക്കെതിരെ ഇടത് സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. നേരത്തെ നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വിവാദമായിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണവും ഉയർന്നു. ഇടതു സർക്കാരിനെ സംബന്ധിച്ചടത്തോളം മാവോവാദികളെ അടിച്ചമർത്തേണ്ടത് അവരുടെ നിലനിൽപ്പിന്റെ കൂടി ആവശ്യമാണ്.
പ്രസ്താവനയുടെ ഉറവിടം കണ്ടെത്താൻ പോലീസ് തലത്തിൽ അതിശക്തമായ അന്വേഷണമാണ് നടന്നു വരുന്നത്. എന്നാൽ വിചാരിക്കുന്ന വേഗതയിൽ ഇവരെ കണ്ടെത്തുക എളുപ്പമല്ല. മലനിരകളും വനാന്തരങ്ങളും കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. അതേ സമയം സർക്കാരിന് വൻ ഭീഷണിയുമാണ് മാവോയിസ്റ്റ് കടന്നുകയറ്റം.
https://www.facebook.com/Malayalivartha
























