കേരള നിയമ ചരിത്രത്തിലെ അപൂർവ കേസായ സിസ്റ്റര്‍ അഭയ കേസിൽ പ്രതികൾ സമര്‍പ്പിച്ച വിടുതൽ ഹര്‍ജിയിൽ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും

സിസ്റ്റര്‍ അഭയ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം സിബിഐ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പ്രതികളായ ഫാദര്‍ തോമസ് എം.കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ജോണ്‍ പുതൃക്കയില്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐ കോടതി ഇന്ന് വിധി പറയുക. പ്രതികളായ ഇവര്‍ ഏഴ് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്ന് വിധി പറയുക.
ചൊവ്വാഴ്ചയാണ് കേസിലെ വാദം പൂര്‍ത്തിയായത്. അതേ സമയം പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചു. നേരത്തെ ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ.ടി. മൈക്കിളിനെ കേസിലെ നാലാം പ്രതിയാക്കിയ സിബിഐ കോടതി തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ 1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതിനു ശേഷം, സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1993 മാര്‍ച്ച് 29ന് കേസ് സി.ബി.ഐ ഏറ്റെടുത്തു.
പ്രതികളെ പിടിക്കാന്‍ സി.ബി.ഐയ്ക്ക് കഴിയുന്നില്ല എന്ന് കാണിച്ച് മൂന്ന് പ്രാവശ്യം അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍, മൂന്ന് പ്രാവശ്യവും റിപ്പോര്‍ട്ട് തളളിക്കൊണ്ട് കേസില്‍ സി.ബി.ഐ തുടരന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
2008 നവബര്‍ 18ന് ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തു. രാത്രിയില്‍ കോണ്‍വന്റില്‍ വൈദികരായ രണ്ട് പ്രതികള്‍ അതിക്രമിച്ച് കയറി അനാശാസ്യം നടത്തിയത് സിസ്റ്റര്‍ അഭയ കാണാനിടയായതാണ് കൊലപാതകത്തിനിടയായതെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























