സ്ത്രീകളുടെ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം

സര്‍വ മംഗളമംഗല്യയും സര്‍വ്വാര്‍ത്ഥ സാധികയുമായ ആറ്റുകാലമ്മ ആലംബഹീനര്‍ക്കും പീഡിതര്‍ക്കും ദുഃഖിതര്‍ക്കും ഒരുപോലെ ആശ്വാസമരുളുന്ന ദേവിയാണ്. അമ്മയെന്ന മനമുരുകിയ വിളി മതി ആ സാന്ത്വനം സ്വന്തമാക്കാന്‍. അമ്മയെ ഒരു നോക്കു കാണുവാനും ആ പാദപത്മങ്ങളില്‍ ആത്മസമര്‍പ്പണം ചെയ്യുവാനും ഭക്തസഹസ്രങ്ങളാണ് സന്നിധിയിലേക്ക് ഒഴുകിയെത്തുകയാണ്.
തിരുവനന്തപുരം നഗരത്തിന്റെ തെക്കു കിഴക്കു ഭാഗത്ത് കിള്ളിയാറിന്റെ പടിഞ്ഞാറു വശത്തായി നെല്‍പ്പാടങ്ങളുടെയും തെങ്ങിന്‍ത്തോപ്പുകളുടെയും മദ്ധ്യത്തായി തലയുയര്‍ത്തി നില്‍ക്കുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ സുഹാസിനിയായ ജഗദംബ ആശ്രയിക്കുന്നവര്‍ക്ക് അഭയം അരുളി അഭീഷ്ടദായിനിയായി വിരാജിച്ചരുളുന്നു. ആറ്റുകാല്‍ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തിയായ ഭഗവതി കൊടുങ്ങല്ലൂരമ്മയെപ്പോലെ രൗദ്രമൂര്‍ത്തിയല്ല, കാരുണ്യവതിയും സൗമ്യയുമായ സാക്ഷാല്‍ മഹാമായ തന്നെയാണ് ആറ്റുകാലില്‍ വാണരുളുന്നത്. ജാതിമതഭേദമന്യേ ഭക്തരായ സ്ത്രീകള്‍ തങ്ങളുടെ അഭീഷ്ടം നിറവേറ്റിത്തരുന്നതിന് ആറ്റുകാല്‍ അമ്മയെ വണങ്ങുന്നു. അങ്ങനെ സ്ത്രീകളുടെ ശബരിമല എന്ന പേര് ആറ്റുകാല്‍ ക്ഷേത്രത്തിന് പ്രസക്തമായി.
ആറ്റുകാല്‍ മുല്ലുവീട്ടില്‍ കാരണവര്‍ക്ക് ബാലികയായി പ്രത്യക്ഷപ്പെട്ട ദേവി മഹേശ്വര പത്‌നിയായ പാര്‍വതീദേവിയുടെ അവതാരമാണെന്നാണ് സങ്കല്‍പ്പം. പാതിവ്രത്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുവാനായി കലികാലത്ത് കണ്ണകിയായി ഭൂമിയില്‍ അവതരിച്ച പാര്‍വതീ ദേവി, മധുരാദഹനം കഴിഞ്ഞ് കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ആറ്റുകാലില്‍ തങ്ങിയെന്നാണ് മറ്റൊരു വിശ്വാസം. ദുഷ്ടജനങ്ങള്‍ക്ക് ഉഗ്രരൂപിണിയായി കാണപ്പെടുന്ന ആ മഹാമായ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന ഭക്തജനങ്ങള്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും നല്‍കുന്ന കാരുണ്യവതിയായ മാതാവാണ്.
ആറ്റുകാല്‍ അമ്മയുടെ കരുണാകടാക്ഷം കൊണ്ട് മംഗല്യഭാഗ്യം .സിദ്ധിച്ചവരും മഹാരോഗങ്ങള്‍ മാറിയവരും സന്താനസൗഭാഗ്യം സിദ്ധിച്ചവരും മറ്റ് അഭീഷ്ടസിദ്ധി കൈവരിച്ചവരും ധാരാളം. ഭാരതത്തിലെ മാതൃസങ്കല്പം ബ്രഹ്മാവിഷ്ണു മഹേശ്വരന്‍മാരുടെ ശക്തിയില്‍ നിന്നും ഉടലെടുത്ത മഹാമായയില്‍ നിന്നുണ്ടായതാണ്. ശ്യാമളാദണ്ഡകത്തിലും ദേവീമാഹാത്മ്യത്തിലും മറ്റും പ്രകീര്‍ത്തിച്ചിരിക്കുന്നതു സൃഷ്ടി, സ്ഥിതി, സംഹാരശക്തിയുള്ള മാതാവിനെയാണ്. ആ മാതാവ് തന്നെയാണ് രൗദ്രയായും സൗമ്യയായും ഭക്തജനങ്ങളെ കടാക്ഷിച്ചു രക്ഷിച്ചു പോരുന്നത്.
https://www.facebook.com/Malayalivartha
























