കുത്തേറ്റിട്ടും കൂടെയുണ്ടായിരുന്നവരുടെ തോളില്‍പിടിച്ച് അച്ചന്‍ താഴേക്ക് നടന്നിറങ്ങി... ഈ സമയം കൊണ്ടു രക്തം വാര്‍ന്നു വറ്റി; ഏഴു വര്‍ഷങ്ങളോളം കുരിശുമുടിക്കായി ജീവിച്ച ഈ വൈദികന്റെ രക്തം പുതിയ വിശ്വാസസാക്ഷ്യമായി മാറുമ്പോൾ...

യേശുവിനു കുരിശുമരണം വിധിച്ച പീലാത്തോസിന്റെ അരമന മുതല്‍ ഗാഗുല്‍ത്താമല വരെയുള്ള പതിനാലു സ്ഥലങ്ങളിലൊന്നാണ് ആറാംസ്ഥലം. ഭാരമേറിയ കുരിശേന്തി, ശരീരം തളര്‍ന്ന്, പട്ടാളക്കാരുടെ അടിയേറ്റ് നീങ്ങിയ ഈശോയുടെ മുഖത്തെ രക്തം കൈയിലുണ്ടായിരുന്ന തുവാലയെടുത്ത് വേറോനിക്ക തുടച്ചതിന്റെ ഓര്‍മ അയവിറക്കുന്ന ഇടത്താണു വൈദികന്റെയും ബലി പൂര്‍ത്തിയായിരിക്കുന്നത്. ദൈവഹിതം ഇങ്ങനെ നിറവേറിയത് ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഏഴു വര്‍ഷങ്ങളോളം കുരിശുമുടിക്കായി ജീവിച്ച ഈ വൈദികന്റെ രക്തം പുതിയ വിശ്വാസസാക്ഷ്യമായി.
കുത്തേറ്റ അച്ചന്‍ കൂടെയുണ്ടായിരുന്നവരുടെ തോളില്‍പിടിച്ച് താഴേക്ക് നടന്നിറങ്ങുകയായിരുന്നു. ഈ സമയം കൊണ്ടു രക്തം വാര്‍ന്നു വറ്റിയായിരുന്നു മരണം. വലിയനോമ്പുകാലത്ത് എല്ലാദിവസവും അദ്ദേഹം കുരിശുമുടിയിെലത്തിയിരുന്നു. ഇന്നലെ പൂര്‍ത്തിയാക്കാത്ത യാത്ര നാടിനെ കണ്ണീരിലാഴ്ത്തി. അതിരൂപതയില്‍ ഒട്ടേറെ സേവനം ചെയ്തശേഷം 2011 ലാണു ഫാ. സേവ്യര്‍ റെക്ടറായി ചുമതലയേല്‍ക്കുന്നത്.
ഇതോടെ കുരിശുമുടിയുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ തയാറാക്കി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് അംഗീകാരം നേടി. അവസാനശ്വാസം വരെ മലയാറ്റൂരിന്റെയും കുരിശുമുടിയുടെയും വികസനമായിരുന്നു അച്ചന്റെ മനസിലുണ്ടായിരുന്നത്. തീര്‍ഥാടകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അദ്ദേഹം അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടാണ് എല്ലാദിവസവും മലമുകളിലെത്തിയിരുന്നത്. 2016 ല്‍ എറണാകുളം ലോ കോളജില്‍നിന്ന് എല്‍എല്‍.ബി. നേടി. ഫാ.സേവ്യര്‍ തേലക്കാട്ടിന്റെ ആകസ്മിക വിയോഗത്തില്‍ വിങ്ങിപ്പൊട്ടി വിശ്വാസിസമൂഹം. മരണവിവരമറിഞ്ഞ് എല്‍.എഫ്. ആശുപത്രിയിലേക്കു വന്‍ ജനപ്രവാഹമായിരുന്നു. ബന്ധുക്കളും നാട്ടുകാരും അലമുറയിട്ടു കരഞ്ഞു.
നാലു വര്‍ഷം മുന്‍പ് ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കായി വന്ന അച്ചന്റെ വിയോഗം വിശ്വസിക്കാനാകാതെ ആശുപത്രി ജീവനക്കാരും ഒരുനോക്കു കാണാനെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഫാ. സേവ്യറെ ആശുപത്രിയില്‍ മരിച്ചനിലയില്‍ കൊണ്ടുവന്നത്. എറണാകുളം - അങ്കമാലി അതിരൂപതാ സാഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് എത്തിയതിനു ശേഷം ആലുവ റൂറല്‍ എസ്.പി: എ.വി. ജോര്‍ജിന്റെയും അങ്കമാലി സി.ഐ: മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി.
വൈകിട്ട് നാലരയോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. ആറരയോടെ മൃതദേഹം തിരിച്ചെത്തിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടത്തിയ ഒപ്പീസ് പ്രാര്‍ഥനയ്ക്കു ശേഷം ആശപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നു രാവിലെ പത്തിനു മൃതദേഹം മലയാറ്റൂര്‍ ദേവാലയത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
https://www.facebook.com/Malayalivartha
























