വെല്‍ഡിങ് ജോലിക്കായി മലേഷ്യയില്‍ പോയി, ഒരു ലക്ഷം രൂപ വിസയ്ക്ക് പറഞ്ഞു, 50,000 രൂപ ആദ്യം നല്‍കി, ബാക്കിയുള്ളത് ആദ്യ ശമ്പളം കിട്ടുമ്പോള്‍ മതിയെന്ന് ഏജന്റുമാര്‍ പറഞ്ഞു, വെല്‍ഡിങ് ജോലിക്കു പകരം കിട്ടിയത് പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയില്‍ ശുചീകരണ ജോലി, ലഹരിമരുന്നു മാഫിയയുടെ കെണിയില്‍പെട്ട് മലേഷ്യന്‍ ജയിലില്‍ കഴിയുന്ന നാല് മലയാളികളുടെ ദുരിതജീവിതം ഇങ്ങനെ

ജോലിതേടി പോയ നാലു മലയാളി യുവാക്കള്‍ മലേഷ്യന്‍ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്നതായി ബന്ധുക്കള്‍. ചിറ്റാര്‍ കുടപ്പന നീലിപിലാവ് പേഴുംകാട്ടില്‍ സജിത് സദാനന്ദന്‍, ചാത്തന്‍തറ ഇടകടത്തി കൂടത്തിങ്കല്‍ എബി അലക്‌സ്, വര്‍ക്കല വെന്നിക്കോട് പനയന്റകുഴി സുമേഷ് ഭവനില്‍ സുമേഷ് സുധാകരന്‍, പത്തനാപുരം പിറവന്തൂര്‍ രഞ്ജിത് ഭവനില്‍ രഞ്ജിത് രവീന്ദ്രന്‍ എന്നിവരാണ് ലഹരിമരുന്നു മാഫിയയുടെ കെണിയില്‍പെട്ട് ജയിലില്‍ കഴിയുന്നത്.
വെല്‍ഡിങ് ജോലിക്കായി എബി അലക്‌സ് വഴിയാണ് സജിത്തും അയല്‍വാസിയായ സിജോ തോമസും 2013 ജൂലൈ ഒന്‍പതിന് മലേഷ്യയിലേക്ക് പോയത്. വീസയ്ക്ക് ഒരു ലക്ഷം രൂപയാണു പറഞ്ഞത്. 50,000 രൂപ വീതം ഏജന്റുമാരായ വര്‍ക്കല സ്വദേശി അനൂബ്, സഹോദരന്‍ ഷാജഹാന്‍ എന്നിവര്‍ക്കു നല്‍കി. ബാക്കി തുക ആദ്യശമ്പളത്തില്‍ നിന്നു നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, വെല്‍ഡിങ് ജോലിക്കു പകരം പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയില്‍ ശുചീകരണ ജോലിയാണ് ഇവര്‍ക്കു കിട്ടിയത്.
ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ജൂലൈ 26ന് പൊലീസ് നടത്തിയ പരിശോധനയില്‍ കമ്പനി െ്രെഡവറും തമിഴ് വംശജനുമായ മലേഷ്യന്‍ സ്വദേശി നാഗരാജന്റെ ബാഗില്‍ നിന്നു ലഹരിമരുന്നു പിടികൂടി. സിജോ തോമസ് (ചിറ്റാര്‍), രതീഷ് രാജന്‍ (മാവേലിക്കര), മുഹമ്മദ് കബീര്‍ ഷാഫി (വര്‍ക്കല), ഷാജഹാന്‍ (ചെന്നൈ), എന്നിവരെയും നാഗരാജനൊപ്പം മലേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും ലഹരിമരുന്നു കണ്ടെടുത്തു.
കമ്പനിയില്‍ ഉണ്ടായിരുന്ന എബി അലക്‌സ്, രഞ്ജിത് രവീന്ദ്രന്‍, സുമേഷ് സുധാകരന്‍, സജിത് സദാനന്ദന്‍, സര്‍ഗുണന്‍ (മലേഷ്യ) എന്നിവരും അറസ്റ്റിലായി. ജയില്‍ മോചിതനായി നാട്ടില്‍ തിരികെയെത്തിയ സിജോ തോമസില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞതെന്ന് സജിത്തിന്റെ ഭാര്യ അഖില, ബന്ധു അനില എന്നിവര്‍ പറഞ്ഞു.
സിജോ തോമസിനൊപ്പം രതീഷ് രാജന്‍, മുഹമ്മദ് കബീര്‍ ഷാഫി എന്നിവരും ഡിസംബറില്‍ ജയില്‍ മോചിതരായി നാട്ടിലെത്തിയിരുന്നു. എന്നാല്‍, കമ്പനിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സജിത് സദാനന്ദന്‍ ഉള്‍പ്പെടെ നാലുപേര്‍ ഇപ്പോഴും ജയിലിലാണ്. ഇവര്‍ക്കു വധശിക്ഷ വിധിച്ചതായി മലേഷ്യയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഭാഷ വശമില്ലാത്ത ഇവര്‍ 16 ദിവസം മാത്രമാണ് മലേഷ്യയിലെ കമ്പനിയില്‍ ജോലി ചെയ്തത്.
വെല്‍ഡിങ് ജോലിയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്തു കൊണ്ടുപോയ ഏജന്റുമാര്‍ ഇവരെ ലഹരിമരുന്നു മാഫിയയില്‍ കുടുക്കിയതാണെന്നു ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഇന്ത്യന്‍ എംബസി, നോര്‍ക്ക കമ്മിഷണര്‍ ജസ്റ്റിസ് ഭവദാസന്‍ എന്നിവര്‍ക്ക് സജിത്തിന്റെ ഭാര്യ അഖില പരാതി നല്‍കി. ആന്റോ ആന്റണി എംപിക്കും പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























