ബൈപാസ് വിരുദ്ധ സമരകൂട്ടായ്മയായ വയല്‍ക്കിളികളും ബൈപാസ് അനുകൂലനിലപാടുമായി സി.പി.എമ്മും മുഖാമുഖം നില്‍ക്കെ കീഴാറ്റൂരില്‍ ക്രമസമാധാനപ്രശ്‌നം ഒഴിവാക്കാന്‍ ജില്ല ഭരണകൂടം തിരക്കിട്ട ചര്‍ച്ചയില്‍; കീഴാറ്റൂര്‍ മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചേക്കും

ബൈപാസ് വിരുദ്ധ സമരകൂട്ടായ്മയായ വയല്‍ക്കിളികളും ബൈപാസ് അനുകൂലനിലപാടുമായി സി.പി.എമ്മും മുഖാമുഖം നില്‍ക്കെ കീഴാറ്റൂരില്‍ ക്രമസമാധാനപ്രശ്‌നം ഒഴിവാക്കാന്‍ ജില്ല ഭരണകൂടം തിരക്കിട്ട ചര്‍ച്ചയില്‍. സംഘര്‍ഷം ഒഴിവാക്കാന്‍ കീഴാറ്റൂര്‍ മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചേക്കും. ഇരുവിഭാഗവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വയല്‍ക്കിളികളുടെ രണ്ടാംഘട്ട സമരം തുടങ്ങുന്നത് ഞായറാഴ്ചയാണ്. അന്ന് 'കേരളം കീഴാറ്റൂരിലേക്ക്' എന്ന മുദ്രാവാക്യവുമായി തളിപ്പറമ്പില്‍നിന്ന് കീഴാറ്റൂരിലേക്ക് 2000 പേരെ അണിനിരത്തി മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും പരിസ്ഥിതി പ്രവര്‍ത്തകരും വികസനപദ്ധതികളുടെ ഇരകളായവരും വയല്‍ക്കിളികളുടെ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരും അന്നേദിവസം കീഴാറ്റൂരിലെത്തും.
കഴിഞ്ഞ ആഴ്ച പൊലീസ് നടപടിക്കിടെ, സി.പി.എമ്മുകാര്‍ കത്തിച്ച സമരപ്പന്തല്‍ പുനഃസ്ഥാപിച്ച് ബൈപാസ് വിരുദ്ധ സമരം തുടരാനാണ് വയല്‍ക്കിളികളുടെ തീരുമാനം. വയല്‍ക്കിളികള്‍ക്ക് ബദല്‍സമരം പ്രഖ്യാപിച്ച സി.പി.എം ശനിയാഴ്ച കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. 3000 പ്രവര്‍ത്തകരെ മാര്‍ച്ചില്‍ അണിനിരത്താനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. മാര്‍ച്ചിന്റെ തുടര്‍ച്ചയായി കീഴാറ്റൂരില്‍ സ്വന്തം സമരപ്പന്തല്‍ കെട്ടാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ 'നാടിന് കാവല്‍' സമരം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ നയിക്കും. ബൈപാസിനായി ഭൂമി വിട്ടുനല്‍കിയവരെ മാര്‍ച്ചില്‍ അണിനിരത്തി വയല്‍ക്കിളികള്‍ക്ക് ഭൂവുടമകളുടെ പിന്തുണയില്ലെന്ന് തുറന്നുകാട്ടാനുമാണ് സി.പി.എം പദ്ധതി. ബൈപാസിന് വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ജില്ല കലക്ടര്‍ വൈകാതെ പുറപ്പെടുവിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























