സംസ്ഥാനത്തെ 16 പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ കൂടി സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനത്തിലേക്ക്

സംസ്ഥാനത്തെ 16 പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ കൂടി സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനത്തിലേക്ക് ഒരുങ്ങുന്നു. കണ്ണൂര്‍, കോട്ടയം, പാലക്കാട്, തലശ്ശേരി, തിരൂര്‍, ആലപ്പുഴ, കായംകുളം, ഷൊര്‍ണൂര്‍, തിരുവല്ല, വടകര, എറണാകുളം ടൗണ്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, പയ്യന്നൂര്‍, ആലുവ, ചെങ്ങന്നൂര്‍ സ്‌റ്റേഷനുകളിലാണ് സൗജന്യ വൈഫൈ എത്തുന്നത്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജങ്ഷന്‍, കോഴിക്കോട്, തൃശൂര്‍ സ്‌റ്റേഷനുകളിലാണ് വൈൈഫ സൗകര്യമുള്ളത്.
ഒന്നര വര്‍ഷം മുമ്പ് ഗൂഗിളിന്റെ സഹകരണത്തോടെ തുടങ്ങിയ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ സ്‌റ്റേഷനുകളും ഹൈടെക് ആകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഓപണ്‍ വൈഫൈ നെറ്റ് വര്‍ക്കാണ് ഗൂഗിള്‍ വൈഫൈ. റെയില്‍വേക്ക് കീഴിലുള്ള റെയില്‍ടെല്ലിന്റെ സാങ്കേതിക സഹായത്തോടെയാണ് വൈഫൈ ക്രമീകരിക്കുന്നത്. 45,000 കിലോമീറ്റര്‍ നീളമുള്ള ഓപ്റ്റിക് ഫൈബര്‍ ശൃംഖലയാണ് റെയില്‍ ടെല്ലിനുള്ളത്. അതായത് രാജ്യത്തെ 70 ശതമാനം റെയില്‍വേ സ്‌റ്റേഷനുകളിലും റെയില്‍ടെല്ലിന് സാന്നിധ്യമുണ്ട്. ഇത് ഉപയോഗിച്ചാണ് ഗൂഗിള്‍ വൈഫൈ സേവനം ലഭ്യമാക്കുന്നത്.
അതിവേഗ ഡാറ്റ കൈമാറ്റത്തിന് ഈ ശൃംഖല ഗൂഗിളിനും ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ. സൗജന്യ വൈഫൈ പദ്ധതിയില്‍ ഇതുവരെ 322 റെയില്‍വേ സ്‌റ്റേഷനുകളാണ് പൂര്‍ത്തിയായത്. പുതുതായി ഏര്‍പ്പെടുന്ന 16 സ്‌റ്റേഷനുകളിലും സെക്കന്‍ഡില്‍ 50 മെഗാബൈറ്റ് വേഗത്തിലുള്ള നെറ്റ് സൗകര്യമാണ് ഒരുക്കുന്നത്. നിശ്ചിത സമയത്തേക്കാണ് സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കുക. നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കുന്നവരുടെ എണ്ണം എത്ര വര്‍ധിച്ചാലും വേഗം കുറയാത്തവണ്ണമുള്ള സങ്കേതിക മികവാണ് ഏര്‍പ്പെടുത്തുന്നത്.
റെയില്‍വേ സ്‌റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് വൈഫൈ നടപ്പാക്കുന്നത്. നിലവില്‍ റെയില്‍ യാത്രക്കാരുടെ 75 ശതമാനവും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ്. കൂടുതല്‍ സ്‌റ്റേഷനുകളില്‍ വൈഫൈ എത്തുന്നത് ഇവര്‍ക്കും സഹായകരമാകും. എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും സൗജന്യ വൈഫൈ ഏര്‍പ്പെടുത്തുക വഴി റെയില്‍വേയുടെ ഡിജിറ്റല്‍വത്കരണമാണ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha

























