ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ സ്ത്രീകള്‍ വഞ്ചിക്കപ്പെട്ടുവെന്നും ബിജെപി അധികാരത്തില്‍ വന്നാല്‍ ഗുണ്ടകളെയും ബലാത്സംഗം ചെയ്യുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസിലെ ബംഗാവോണില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിലനില്ക്കുന്നത് 'ജംഗിള്‍ രാജാണെന്നും അതിന്റെ ഇരകള്‍ സ്ത്രീകളാണെന്നും മോദി കുറ്റപ്പെടുത്തി.
സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ബംഗാളിന് തന്നെ അപമാനമാണ്. മേയ് 4ന് ബിജെപി അധികാരത്തില്‍ വന്നാല്‍ ഓരോ ഗുണ്ടയെയും ബലാത്സംഗം ചെയ്യുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി വിപുലമായ പദ്ധതികളാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്.
'ബിജെപി സര്‍ക്കാര്‍ ബംഗാളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം 36,000 രൂപ വീതം നിക്ഷേപിക്കും.സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കും.സ്ത്രീകള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സയും പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ 80ശതമാനം ഡിസ്‌കൗണ്ടും നല്‍കും. സ്തനാര്‍ബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള പരിശോധനയും വാക്‌സിനേഷനും സൗജന്യമായിരിക്കും. ഗര്‍ഭകാലത്ത് 21,000 രൂപയും, പെണ്‍മക്കളുടെ ബിരുദ പഠനത്തിന് 50,000 രൂപയും സഹായം നല്‍കും. 75 ലക്ഷം സ്ത്രീകള്‍ക്ക് ലക്ഷാധിപതികളാകാന്‍ സഹായം നല്‍കും. ബാങ്കില്‍ നിന്ന് 20 ലക്ഷം രൂപ വരെ വായ്പ കിട്ടാന്‍ ബിജെപി സര്‍ക്കാര്‍ സൗകര്യമൊരുക്കും. ബാങ്കില്‍ കൊടുക്കാന്‍ കൈയില്‍ പണമില്ലെന്നോര്‍ത്ത് വിഷമിക്കണ്ട നിങ്ങള്‍ക്കായി മോദി ഗ്യാരണ്ടി നില്‍ക്കും' അദ്ദേഹം പറഞ്ഞു.
'ബംഗാളിലെ ഫുട്‌ബോള്‍ ആവേശം ലോകപ്രസിദ്ധമാണ്. പക്ഷേ, ഇവിടുത്തെ ടിഎംസി സിന്‍ഡിക്കേറ്റ് ആ കായിക സംസ്‌കാരത്തെ തകര്‍ത്തു കളഞ്ഞു. കൊല്‍ക്കത്തയില്‍ ലയണല്‍ മെസിയുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ ലോകത്തിന് മുന്നില്‍ ബംഗാളിനെ നാണം കെടുത്തി. ഇതെല്ലാം ഇവിടുത്തെ 'മഹാ ജംഗിള്‍രാജിന്റെ' ലക്ഷണങ്ങളാണ്. എന്നാല്‍ ഇനി അത് അനുവദിക്കില്ല. 'ഖേലോ ഇന്ത്യ'യിലൂടെ ബംഗാളില്‍ അതിനൂതനമായ കായിക സംവിധാനങ്ങള്‍ ബിജെപി ഒരുക്കും. ഇവിടുത്തെ താരങ്ങള്‍ക്ക് ലോകനിലവാരത്തിലുള്ള പരിശീലനം ഞങ്ങള്‍ ഉറപ്പാക്കും. മോദി കൂട്ടിച്ചേര്‍ത്തു.
ഈ മാസം 29നാണ് ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്. മേയ് നാലിനാണ് വോട്ടെണ്ണല്‍. ഒന്നാംഘട്ടത്തില്‍ 91.78 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്.
https://www.facebook.com/Malayalivartha

























