ഓണപരീക്ഷയ്ക്ക് അമ്മയ്ക്ക് വന്ന അസുഖം സ്വപ്നയെ സങ്കടക്കടലിലാക്കുമ്പോള്‍...

എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ സ്വപ്‌നയുടെ മനസ്സില്‍ ലക്ഷ്യം അമ്മ മാത്രം. ഓരോ ദിവസത്തേയും എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞാലുടന്‍ അവള്‍ സൈക്കിള്‍ ആഞ്ഞ് ചവിട്ടി വീട്ടിലേക്ക് പാഞ്ഞെത്തും. കണ്ണാന്തുറയിലെ പുതുവല്‍ പുത്തന്‍വീടെന്ന ചെറ്റക്കുടിലിനു മുന്നില്‍ സൈക്കിള്‍ ചാരിവച്ചിട്ട് അകത്തേക്ക് അമ്മേ എന്നു വിളിച്ചു കൊണ്ട് ഒരൊറ്റഓട്ടമാണ് . അമ്മ രാജലക്ഷ്മി രോഗിയായി കിടപ്പിലാണ്. മരുന്നൊക്കെ കഴിച്ചോ അമ്മേ...' എന്നു ചോദിച്ച് വാതില്‍ തള്ളിത്തുറന്ന് ചെല്ലും . ആദ്യം അമ്മയ്ക്ക് ഗുളിക നല്‍കും. പിന്നെ പരീക്ഷയുടെ വിശേഷങ്ങളൊക്കെ അരികിലിരുന്ന് പറയും.
മകള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടണേ എന്നാണ് രാജലക്ഷ്മിയുടെ പ്രാര്‍ത്ഥന. അമ്മയുടെ രോഗം മാറണേ എന്നാണ് മകളുടെ പ്രാര്‍ത്ഥന. സ്വപ്നയുടെ ഓണപ്പരീക്ഷയ്ക്കിടെയാണ് രാജലക്ഷ്മി വീണുപോയത്. പെട്ടെന്നൊരു ദിവസം രക്തം ഛര്‍ദ്ദിച്ചു. ഭര്‍ത്താവ് സുരേഷ് ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്. ശരീരം നീരുവന്ന് വീര്‍ത്തു. നിരവധി പരിശോധനകള്‍ നടത്തി. ജീവന്‍ നിലനിറുത്താന്‍ നീരു നീക്കം ചെയ്തു. രക്തം നല്‍കി. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് സിയാണ് രോഗമെന്നും കരള്‍ ചുരുങ്ങുന്നതായും ഡോക്ടര്‍മാര്‍ കണ്ടെത്തി. മരുന്നു കൊണ്ട് രോഗം മാറിയില്ലെങ്കില്‍ കരള്‍ മാറ്റി വയ്‌ക്കേണ്ടിവരും. ഇപ്പോള്‍ മരുന്നിനു മാത്രം 22,000 രൂപ വേണം.
ആശുപത്രിയില്‍ പോകുമ്പോള്‍ പരിശോധനകള്‍ക്ക് പിന്നെയും പണമാകും. സുരേഷ് ഓട്ടോയും ടാക്‌സിയും ഓടിച്ചു കിട്ടുന്ന പണം ചികിത്സയ്ക്കും വീട്ടുചിലവിനും മതിയാകില്ല. സ്വപ്നയെ കൂടാതെ ഒരു മകനുമുണ്ട് ഇവര്‍ക്ക്. പട്ടം സെന്റ്‌മേരീസില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സുമേഷ്. അമ്മയ്ക്ക് സമയം തെറ്റാതെ മരുന്ന് നല്‍കുന്നത് സ്വപ്നയാണ്. അടുത്തിരുന്ന് മരുന്നും കഞ്ഞിയുമൊക്കെ നല്‍കും. കട്ടിലിനടുത്ത് നിന്ന് മാറില്ല. അവിടെ ഇരുന്നാണ് പഠിത്തവും. ഉച്ചവരെ പഠിച്ചിട്ടാണ്് പരീക്ഷയ്ക്ക് പോകുന്നത്. പരീക്ഷ കഴിഞ്ഞാല്‍ പിന്നെ വേറെ ഒന്നും ചിന്തയില്ല. എത്രയും പെട്ടെന്ന് അമ്മയുടെ അരികിലെത്തുക . ആ ലക്ഷ്യം വച്ച് സൈക്കിളെടുത്ത് ആഞ്ഞു ചവിട്ടും. വീട്ടിലെത്തി അമ്മയെ കാണുമ്പോഴാണ് സ്വപ്‌നയ്ക്ക് സമാധാനമാകുന്നത്.
ഓല കുത്തിച്ചാരി നിര്‍മ്മിച്ച കുടിലിലാണ് നാല് പേരും അന്തിയുറങ്ങുന്നത്. കുടിലിന്റെ പ്രമാണം പോലും ബാങ്കില്‍ പണയത്തിലാണ്. കടം വീട്ടാന്‍ വേറെ കടം വാങ്ങി. അങ്ങനെ എല്ലാം ബാങ്കില്‍ പണയത്തിലുമാണ്.
ഭാര്യയുടെ ചികിത്സയ്ക്കും കുട്ടികളുടെ പഠനചെലവിനുമായി നെട്ടോട്ടമോടുകയാണ് സുരേഷ്.
https://www.facebook.com/Malayalivartha

























