ഉത്സവത്തിന് പോയി കുടുംബസമേതം മടങ്ങിവരുമ്പോള്‍ ആ യാത്ര അവസാനത്തെ യാത്രയായി മാറുമെന്ന് ആരും വിചാരിച്ചില്ല... പോലീസ് ജീപ്പ് കാലനായി എത്തിയപ്പോൾ പൊലിഞ്ഞുപോയത് വീട്ടിലെ വിളക്ക്; പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാന്‍ സ്‌ട്രെക്ചറിലെത്തിക്കുമ്പോള്‍ ഷേബുവിന്റെ ശരീരവും ഉള്ളും വേദനയാല്‍ നുറുങ്ങുകയായിരുന്നു... നിലവിളിക്കുന്ന മക്കളെയും വിതുമ്പന്ന പിതാവിനെയും ആശ്വസിപ്പക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും

കഴിഞ്ഞ 11 ന് പുലര്‍ച്ചെ ദേശീയപാതയില്‍ കഞ്ഞിക്കുഴിക്ക് വടക്ക് എ.എസ് കനാല്‍ തീരത്ത് ബൈക്കിനു കുറുകെ വാഹനമിട്ട് പോലീസ് നടത്തിയ പരിശോധനയില്‍ തകര്‍ത്തത് ഒരു സാധു കുടുംബത്തെയാണ്. ചെത്തുതൊഴിലാളിയായിരുന്നു ഷേബു. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയി കുടുംബസമേതം മടങ്ങിവരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ചേര്‍ത്തല എസ്.എന്‍ കോളജിന് മുന്നില്‍ ഹൈവേ പോലീസ് കൈ കാണിച്ചെങ്കിലും ശ്രദ്ധിക്കാതെ പോയതിനാല്‍ പിന്തുടര്‍ന്നെത്തി ജീപ്പിട്ടു തടയുകയായിരുന്നു.
പിന്നാലെ എത്തിയ മറ്റൊരു ബൈക്ക് ഷേബുവിന്റെ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പാതിരപ്പള്ളി സ്വദേശി വിച്ചു (26) തല്‍ക്ഷണം മരിച്ചിരുന്നു. സുമി ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാരിയെല്ലുകള്‍ പൊട്ടി ശ്വാസകോശത്തില്‍ തുളഞ്ഞുകയറി. മൂന്ന് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഫലമുണ്ടായില്ല.
തന്റെ പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാന്‍ സ്‌ട്രെക്ചറിലെത്തിക്കുമ്പോള്‍ ഷേബുവിന്റെ ശരീരവും ഉള്ളും വേദനയാല്‍ നുറുങ്ങുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ പുത്തക്കര വീട്ടില്‍ ഇന്നലെ വൈകിട്ട് നാലിനാണ് ഭാര്യ സുമിയുടെ മൃതദേഹം എത്തിച്ചത്.
അപകടത്തില്‍ പരുക്കേറ്റ മക്കളെയും മറ്റൊരുവാഹനത്തിലും കൊണ്ടുവന്നു. നിലവിളിക്കുന്ന മക്കളെയും വിതുമ്പന്ന പിതാവിനെയും ആശ്വസിപ്പക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും. വാഹനാപകടത്തില്‍ നട്ടെല്ലു തകര്‍ന്നതോടെ എഴുന്നേറ്റ് നടക്കാന്‍ കഴിയാതായ ഷേബു 13 ദിവസമായി കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിക്ക് സമീപമുളള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുറിയില്‍ പരിചരണത്തിലായിരുന്നു. ഭാര്യ സുമിയാകട്ടെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും. പരുക്കേറ്റ മക്കളായ ഹര്‍ഷ (10)യും ശ്രീലക്ഷ്മി (മൂന്ന്)യും ചികിത്സയിലാണ്. രാത്രി ഏഴോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സുമിയുടെ മൃതദേഹം സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha

























