മുന്‍ ആര്‍.ജെ രാജേഷിന്റെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ;പിടിയിലായത് ക്വൊട്ടേഷന്‍ സംഘത്തിന് വീട് നല്‍കിയ ആൾ ; കൊലപാതകത്തെക്കുറിച്ച് സനുവിനും വ്യക്തമായ അറിവുണ്ടായിരുന്നതായി പോലീസ്

മുന്‍ ആര്‍.ജെ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശിയായ സനുവിനെയാണ് അറസ്റ്റ് ചെയ്തത്. ക്വൊട്ടേഷന്‍ സംഘത്തിന് താമസിക്കാന്‍ വീട് നല്‍കിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജേഷ് വധത്തിലെ ആദ്യ അറസ്റ്റാണിത്. ക്വൊട്ടേഷന്‍ സംഘത്തിലെ അപ്പുണ്ണിയുടെ സുഹൃത്താണ് സനു. കൊലപാതകത്തിന് മുന്‍പും ശേഷവും ക്വൊട്ടേഷന്‍ സംഘം സനുവിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്.
കൊലപാതകത്തെക്കുറിച്ച് സനുവിനും അറിവുണ്ടായിരുന്നു എന്നാണ് പോലീസ് നിഗമനം. ഗൂഢാലോചനയില്‍ പങ്കെടുത്തതിനും പ്രതികളെ സഹായിച്ചതിനുമാണ് സനുവിനെ അറസ്റ്റ് ചെയ്തത്. കായംകുളം കേന്ദ്രീകരിച്ചുള്ള ക്വൊട്ടേഷന്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതക സംഘത്തില്‍ നാല് പേരുണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. ഖത്തറില്‍ ബിസിനസ് ചെയ്യുന്ന സത്താര്‍ എന്നയാളുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സത്താറിന്റെ സുഹൃത്തും ഇയാളുടെ ജിംനേഷ്യത്തിലെ ജീവനക്കാരനുമായ അലിഭായിയും ക്വൊട്ടേഷന് നേരിട്ട് നേതൃത്വം നല്‍കി. പ്രണയിച്ച് വിവാഹം കഴിച്ചിട്ടും രാജേഷുമായി തന്റെ ഭാര്യ അടുത്തതും രാജേഷിന് ബിസിനസ് തുടങ്ങാന്‍ യുവതി തന്റെ പണം നല്‍കിയതും സത്താറിനെ പ്രകോപിപ്പിച്ചിരുന്നു. സത്താറിന്റെ ഭീഷണിയെ തുടര്‍ന്നാണ് രാജേഷ് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. രാജേഷിന് നാട്ടില്‍ സ്റ്റുഡിയോ തുടങ്ങാനും ചെന്നൈയിലേക്ക് പോകാനും യുവതി സഹായം ചെയ്ത വിവരം അറിഞ്ഞത് സത്താറിന്റെ പക വര്‍ധിപ്പിച്ചു.
ഓച്ചിറയിലെ നിര്‍ധന കുടുംബാംഗമായിരുന്ന സത്താര്‍ പതിനഞ്ച് വര്‍ഷം മുന്‍പാണ് ഗള്‍ഫിലെത്തിയത്. ഇവിടെ ഒരു സ്‌കൂളില്‍ ഡ്രൈവര്‍ ജോലിക്കാണ് ഇയാള്‍ എത്തിയത്. ആലപ്പുഴ തുമ്ബോളി സ്വദേശിനിയായ യുവതി ഇവിടെ നൃത്താധ്യാപികയായിരുന്നു. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചു. തുടര്‍ന്ന് യുവതി ഇസ്ലാം മതം സ്വീകരിച്ചു. യുവതി ഗള്‍ഫില്‍ ഡാന്‍സ് സ്‌കൂളുകള്‍ നടത്തിയും നൃത്തപരിപാടികള്‍ അവതരിപ്പിച്ചും പണം സമ്ബാദിച്ചു. ഇതോടെ ഇരുവരും ചേര്‍ന്ന് ഗള്‍ഫില്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുകയും നാട്ടില്‍ ഭൂസ്വത്ത് വാങ്ങിക്കൂട്ടുകയും ചെയ്തു.
യുവതിയും സത്താറും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം സംതൃപ്ത കുടുംബ ജീവിതം നയിച്ചുവരുന്നതിനിടെയാണ് യുവതി രാജേഷുമായി അടുക്കുന്നതും പ്രണയത്തിലാകുന്നതും. ഇത് ഇവരുടെ കുടുംബ ജീവിതത്തില്‍ പാകപ്പിഴകള്‍ സൃഷ്ടിച്ചു. രാജേഷുമായുള്ള ബന്ധത്തെച്ചൊല്ലി നിരന്തരം വഴക്കായതോടെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷവും ഇരുവരും ബന്ധം തുടര്‍ന്നു. ഇതോടെ രാജേഷിനെ നാട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് ചെന്നൈയില്‍ ജോലി സംഘടിപ്പിച്ചു നല്‍കി. രാജേഷ് ചെന്നൈയിലേക്ക് പോകുന്നതിന്റെ തലേന്നാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha

























