പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകർ അറസ്റ്റിൽ

കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകർ അറസ്റ്റിൽ. സര്‍വീസില്‍ നിന്ന് വിരമിക്കുകയായിരുന്ന പ്രിന്‍സിപ്പല്‍ ഡോ.പി വി പുഷ്പജക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് യാത്രയയപ്പ് നൽകിയ കേസിൽ ശരത് ദാമോദര്‍, പ്രവീണ്‍ എംപി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രിൻസിപ്പലിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ വൻ വിവാദം സൃഷ്ടിച്ചിരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. വിദ്യാര്‍ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍, ദുരന്തം ഒഴിയുന്നു, ക്യാംപസ് സ്വതന്ത്രമാകുന്നു, നെഹ്‌റുവിന് ശാപമോക്ഷം എന്നൊക്കെയായിരുന്നു പോസ്റ്ററില്‍ കുറിച്ചിരുന്നത്. ഇതിനു പുറമെ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം പണം പിരിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മിഠായിയും ലഡുവും വാങ്ങി വിതരണം ചെയ്യുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
കേസിലെ മൂന്നാം പ്രതിയും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ മുഹമ്മദ് അനീസിനെ ഉടന്‍ അറസ്റ്റ് ചെയ്യും.
സ്ത്രീത്വത്തെ അപമാനിച്ച പ്രശ്നം മാത്രമല്ല. അതിനെക്കാൾ ഗുരുതരമാണെന്നും സ്വന്തം അമ്മയെക്കാൾ ഉയർന്ന സ്ഥാനത്തു വേണം അധ്യാപികയെ കാണാനെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. അധ്യാപികയെ അപമാനിക്കുന്നത് ആരും അംഗീകരിച്ചിട്ടില്ല. ഇത്തരത്തിലുള്ള നടപടി അംഗീകരിക്കുന്ന സംഘടനയല്ല എസ് എഫ് ഐയെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























