മടവൂര്‍ രാജേഷ് വധത്തില്‍ അന്വേഷണ സംഘം ഖത്തര്‍ പൊലീസിന്റെ സഹായം തേടി; തീവ്രവാദക്കേസിലെയും ഐ.എസില്‍ ചേര്‍ന്നവരെയും മുമ്പ് ഖത്തര്‍ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു

മടവൂര്‍ രാജേഷ് വധക്കേസിലെ പ്രതികളെന്ന് സംശയിക്കുന്ന അബ്ദുള്‍ സത്താറിനെയും കൂട്ടാളി സാലിഹ് ബിന്‍ ജലാല്‍ എന്ന അലിഭായിയെയും ഖത്തറില്‍ നിന്ന് കേരളത്തിലെത്തിക്കും. ഇരുവരും ഖത്തറില്‍ ഒളിവില്‍ കഴിയുന്ന സ്ഥലം പൊലീസ് കണ്ടെത്തി. ഖത്തര്‍ പൊലീസിന്റെ സഹായത്തോടെ ഇരുവരെയും താമസസ്ഥലത്ത് തടഞ്ഞ് വെച്ച ശേഷം അന്വേഷണ സംഘം ചെന്ന് കൂട്ടിക്കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി ഖത്തര്‍ സര്‍ക്കാരിനും പൊലീസിനും വിദേശകാര്യമന്ത്രാലയം വഴി ഇവരുടെ വിവരങ്ങള്‍ കൈമാറി. കൊല്ലപ്പെട്ട രാജേഷുമായി അടുത്തപുണ്ടായിരുന്ന നൃത്ത അധ്യാപികയെയും നാട്ടിലെത്തിക്കും. ഔദ്യോഗികമായി ആരെയും പ്രതി ചേര്‍ത്തിട്ടില്ലാത്തതിനാല്‍ അനൗദ്യോഗിക നീക്കങ്ങളാണ് നടത്തുന്നത്.
അതേസമയം പ്രതി ചേര്‍ത്തിട്ടില്ലാത്തതിനാല്‍ കേരളാ പൊലീസിന് അവിടെ ചെന്ന് കൂട്ടിക്കൊണ്ട് വരാനാകില്ലെന്നും അറിയുന്നു. അതിനാല്‍ പ്രതികളെന്ന് സംശയിക്കുന്നവരെ വിമാനത്തില്‍ കയറ്റിവിടണമെന്നാണ് ഖത്തറിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ വിമാനത്താവളത്തില്‍ വെച്ച് പിടികൂടാനാകും. കുറ്റവാളികളെ കൈമാറുന്ന നിയമം ഖത്തറും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരം മുമ്പ് തീവ്രവാദ കേസിലെ ഏഴ് പേരെ ഖത്തര്‍ പിടികൂടി കൈമാറിയിരുന്നു. ഐ.എസ് ബന്ധമുള്ള മലയാളികളെയും കൈമാറിയിട്ടുണ്ട്.
അബ്ദുള്‍ സത്താറിന്റെ ഭാര്യയും നര്‍ത്തകിയുമായ സഫിയയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറിയുന്നു. സത്താറിന്റെ ജിംനേഷ്യത്തിലെ ഇന്‍സ്ട്രക്റ്ററാണ് സാലിഹ് എന്ന അലിഭായി. കൊലപാതകത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന അപ്പുണ്ണി, കൂട്ടാളിയായ മറ്റൊരാള്‍ എന്നിവര്‍ രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവരെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവം നടന്ന് ഇത്രയും ദിവസം പിന്നിട്ടിട്ടും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ പോലും പൊലീസിന് പിടികൂടാന്‍ കഴിയാത്തതിനെതിരെ വ്യാപക പ്രതിഷേധം മടവൂരില്‍ ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























