കേരളത്തിലെ ദളിതരെ ശത്രുക്കളാക്കി സി പി എം; സർക്കാരിനെ വെട്ടിലാക്കി ദളിത് സംഘടനകളുടെ ഹർത്താൽ

അങ്ങനെ കേരളത്തിലെ ദളിതരെയും സി പി എം ശത്രുക്കളാക്കി. ദളിത് വിഭാഗങ്ങൾ കോൺഗ്രസിന് പണ്ടേ എതിരാണ്. യഥാർത്ഥത്തിൽ ദളിത് സംഘടനകളുടെ ഹർത്താൽ സർക്കാരിനെ വെട്ടിലാക്കുകയാണ് ചെയ്തത്. മുമ്പൊരിക്കലുമില്ലാത്ത സന്നാഹങ്ങളുമായാണ് സർക്കാർ ഹർത്താലിനെ നേരിട്ടത്. നഷ്ടത്തിലോടുന്ന കെ എസ് ആർ. റ്റി സിയെ കൊണ്ട് കോൺ വായ് അടിസ്ഥാനത്തിൽ ബസോടിച്ചു. കെ എസ് ആർ റ്റി സിയുടെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു നടപടി.
ദളിതരെയും ആദിവാസികളെയും നേരിടാൻ സർക്കാർ ഒരുക്കിയ സന്നാഹങ്ങൾ അതിഭയങ്കരമായിരുന്നു. ക്യാമ്പിലുള്ള പോലീസുകാരെയെല്ലാം അണിനിരത്തി. റോഡ് മുഴുവൻ പോലീസായിരുന്നു. എന്തോ മഹാ സംഭവം നേരിടുന്ന മട്ടാണ് സർക്കാരിനുണ്ടായിരുന്നത്. ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെന്മുലയ്ക്ക് വേണ്ടി മുറവിളി കൂട്ടിയവർ ദളിത് സമരം പൊളിക്കാൻ വെമ്പുന്നത് കണ്ട് ജനം അത്ഭുതപ്പെട്ടു.
രാഷ്ട്രീയ പാർട്ടികൾ ദളിതരോട് സ്വീകരിച്ച നിലപാട് കണ്ടിട്ടാണ് ഹോട്ടലുകാരും സ്വകാര്യ ബസ് ഉടമകളും സമരത്തിൽ നിന്നും പിൻമാറായത്. എന്തിന് തീയേറ്ററുകാർ വരെ സമരത്തിന് എതിരായി . ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച ദളിത് വിദ്യാർത്ഥികളെ സർക്കാർ അറസ്റ്റ് ചെയ്തു. ചുരുക്കത്തിൽ സമരം പൊളിക്കുക എന്നത് സർക്കാരിന്റെ അഭിമാനപ്രശ്നമായി മാറി. ദളിതർക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കൾ ഒരുമിച്ചു നിന്നു. ദളിത് സമരം അനാവശ്യമാണെന്ന് അവർ മുറവിളി കൂട്ടി. രാജ്യം മുഴുവൻ ദളിതർക്കെതിരെ നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഹർത്താലുകളിൽ അക്രമങ്ങൾ തുടർകഥയായി.
അതേ സമയം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വൻ ഇമേജാണ് കൈവന്നത്.24 മണിക്കൂറും ദളിത് സ്നേഹം പറയുന്ന സിഫിക്കാർ സമരത്തെ സഹായിക്കാത്തത് വൻ തിരിച്ചടിയായി മാറി. അങ്ങനെയാണ് ദളിതർക്കിടയിൽ മറ്റാരും അറിയാതെ ഒരു സഖ്യം രൂപം കൊണ്ടത്. അവർ വരുന്ന തെരഞ്ഞടുപ്പുകളിൽ മുഖ്യധാരാ രാഷ്ട്രീയക്കാർക്ക് പണി കൊടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. തെരഞ്ഞടുപ്പ് വരുമ്പോൾ മാത്രം ദളിതരെ സ്നേഹിക്കുന്ന പരിപാടി ഇനി നടക്കുമെന്ന് തോന്നുന്നില്ല.
ദളിതരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുഖ്യധാരാ രാഷ്ടീയകക്ഷികൾ നിൽക്കാത്തത് അവരിൽ സവർണ സ്നേഹം കൊണ്ടാണെന്ന അഭിപ്രായമാണ് ദളിതർക്കുള്ളത്. സവർണ ജാതി കോമരങ്ങളെ പിണിക്കിയാൽ ലോകം ഇടിഞ്ഞു വീഴും എന്ന് വിശ്വസിക്കുന്നവരാണ് സിപിഎം നേതാക്കൾ. സി പി എമ്മിന്റെ ചിന്തകൾക്ക് കോൺഗ്രസിന്റെയും പിന്തുണയുണ്ടായിരുന്നു. അതു കൊണ്ടു കൂടിയാണ് സമരം പൊളിക്കാൻ നോക്കിയതെന്ന് ദളിതർ കരുതുന്നു. കോൺഗ്രസിന് ഭരണമില്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു. കോൺഗ്രസിനില്ലാത്ത ആത്മാർത്ഥത യൂത്ത് കോൺഗ്രസിനുണ്ടെന്നും ദളിത് സംഘടനകൾ വിശ്വസിക്കുന്നു.
എന്നാൽ ഇതു കൊണ്ടുണ്ടാവുന്ന മറ്റൊരു വലിയ ദുരന്തമുണ്ട്. അത് ദളിത് തീവ്രവാദ സംഘടനകൾ ദളിതരെ ഉപയോഗിക്കും എന്നതാണ്. അങ്ങനെ സംഭവിക്കുന്നതോടെ ദളിത് വിഭാഗങ്ങൾ അക്രമാസക്തരാവുകയും അത് വൻ വിപത്തിൽ അവസാനിക്കുകയും ചെയ്യും. അതിനുള്ള സാധ്യതകളാണ് തെളിഞ്ഞ് വരുന്നത്.
https://www.facebook.com/Malayalivartha

























