ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍; ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍

കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. വരാപ്പുഴയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത വരാപ്പുഴ ദേവസ്വംപാടം കുളമ്ബുകണ്ടം സ്വദേശി ശ്രീജിത്ത് ആണ് പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശ്രീജിത്ത് മരിച്ചത്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
വരാപ്പുഴ ദേവസ്വംപാടം കുളമ്ബുകണ്ടം ചിട്ടിത്തറ വീട്ടില്‍ വാസുദേവന്‍ (54) വീട് കയറി ആക്രമിച്ചതില്‍ മനംനൊന്ത് കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. മത്സ്യതൊഴിലാളിയായ വാസുദേവന്റെ അനുജന്‍ ദിവാകരനും സമീപവാസിയായ സുമേഷ് എന്ന യുവാവുമായി കഴിഞ്ഞ ദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിക്കാനായി വാസുദേവനും ദിവാകരനും വാസുദേവന്റെ മകന്‍ വിനീഷും കൂടി സുമേഷിന്റെ വീട്ടില്‍ ചെന്നു. ഈ സമയത്ത് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്നു നടന്ന അടിപിടിയില്‍ സുമേഷിന്റെ കൈയ്ക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു.
പിന്നീട് ഉച്ചയോടെ സുമേഷും ശ്രീജിത്ത് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളും ചേര്‍ന്ന് വാസുദേവന്റെ വീട് അടിച്ചു തകര്‍ക്കുകയായിരുന്നു. വീടിന്റെ ജനലുകളും വാതിലുകളും പൂര്‍ണമായും തകര്‍ത്തു. എതിര്‍ക്കാന്‍ ശ്രമിച്ച വാസുദേവന്റെ ഭാര്യ സീതയേയും മക്കളെയും അക്രമികള്‍ മര്‍ദിച്ചതായി പൊലീസ് പറഞ്ഞിരുന്നു. അക്രമികള്‍ പോയശേഷം വിനീഷും സീതയും ചേര്‍ന്ന് വരാപ്പുഴ പോലീസില്‍ പരാതി നല്‍കാന്‍പോയ സമയത്താണ് വാസുദേവന്‍ വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ചത്. ഈ കേസിലാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha

























