റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രാജേഷിന്റെ കാമുകി ഖത്തറിലെ നൃത്താദ്ധ്യാപിക സഫിയ കേസിൽ ഒന്നാം സാക്ഷി; ഒന്നാം പ്രതിയായ സാലിഹ് ഇന്ന് വിമാനത്താവളത്തിൽ എത്തിയുടൻ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

നാടിനെ നടുക്കിയ മടവൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രാജേഷിന്റെ വനിതാ സുഹൃത്തായിരുന്ന ഖത്തറിലെ നൃത്താദ്ധ്യാപികയെ കേസിൽ ഒന്നാം സാക്ഷിയാക്കും. ക്വട്ടേഷൻ സംഘം സ്റ്റുഡിയോയിൽ എത്തിയപ്പോൾ രാജേഷുമായി വീഡിയോ കോളിലായിരുന്നു യുവതി.
തന്നെ വെട്ടരുതെന്നും കൊല്ലരുതെന്നുമുള്ള രാജേഷിന്റെ അലർച്ച കേട്ട് ഇവരാണ് വിവരം രാജേഷിന്റെ പിതാവിനെയും കൂട്ടുകാരെയും അറിയിച്ചത്. മൊഴി രേഖപ്പെടുത്താൻ ഇവരെയും നാട്ടിലെത്തിക്കും. മാസങ്ങൾക്കുമുൻപ് സത്താറുമായുള്ള ബന്ധം വേർപെടുത്തിയെന്നാണ് നൃത്താദ്ധ്യാപികയുടെ മൊഴി. ക്വട്ടേഷൻ സംഘത്തലവൻ ഓച്ചിറ സ്കൈലാബ് ജംഗ്ഷനിലെ സാലിഹ് ജലാലിനെ (അലിഭായ്) ഖത്തർ പൊലീസ് പിടികൂടി നാട്ടിലേക്ക് അയച്ചതായാണ് സൂചന. ഇന്ന് രാവിലെ ഒമ്പതരയ്ക്കുള്ള ജെറ്റ് എയർവെയ്സ് വിമാനത്തിൽ സാലിഹിനെ എത്തിക്കുമെന്നാണ് വിവരം.
കൊലപാതകത്തിൽ ഒന്നാം പ്രതിയായ സാലിഹ് എത്തിയാൽ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സാലിഹിനൊപ്പം കായംകുളം സ്വദേശി അപ്പുണ്ണിയെയും സാലിഹിന്റെ ഖത്തറിലെ ബോസ് സത്താറിനെയും പൊലീസ് പ്രതിചേർത്തിട്ടുണ്ട്. പ്രതികൾക്ക് സഹായം ചെയ്ത ഒരാളെക്കൂടി കിളിമാനൂർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. കുണ്ടറ ചെറുമൂട് എൽ.എസ് നിലയത്തിൽ സ്വാതി സന്തോഷ് ( സ്ഫടികം-23) ആണ് അറസ്റ്റിലായത്.
കൊലയുടെ സൂത്രധാരന്മാരിൽ ഒരാളാണ് സന്തോഷെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതികളായ അപ്പുണ്ണിയെയും സാലിഹ് ജലാലിനെയും കൂട്ടിക്കൊണ്ടുവന്നതും മടവൂരിലെത്തി രാജേഷിന്റെ സ്റ്റുഡിയോയും പരിസരവും നിരീക്ഷിച്ചതും സന്തോഷാണ്. രാജേഷിനെ വെട്ടാനുള്ള വാളുകൾ എത്തിച്ചതും കൊലയ്ക്ക് ശേഷം പ്രതികളെ ബംഗളൂരുവിൽ എത്തിച്ചതും ഇയാളാണ്. പിന്നീട് നേരത്തേ അറസ്റ്റിലായ യാസിനൊപ്പം ചെന്നൈയിലേക്ക് രക്ഷപ്പെട്ടു. നിരവധി ക്വട്ടേഷൻ സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള സന്തോഷ് കുണ്ടറ, അഞ്ചാലുംമൂട് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് സി.ഐ പ്രദീപ്കുമാർ പറഞ്ഞു.
കൊല്ലം ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ ആലോട്ട് തെക്കതിൽ വീട്ടിൽ നിന്ന് കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് ഹയർസെക്കൻഡറി സ്കൂളിന് പിറകുവശത്ത് വാടകയ്ക്ക് താമസിക്കുന്ന സനു (33), ഓച്ചിറ മേമന വലിയകുളങ്ങര എം.എ കോട്ടേജിൽ യാസിൻ (23) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























