വിനോദ സഞ്ചാരികളുടെ ഹരമായ വേമ്പനാട്ട് കായലിലെ ആയിരക്കണക്കിന് ഹൗസ് ബോട്ടുകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ല

ആലപ്പുഴയിലെ കായൽ സഞ്ചാരം സ്വദേശികളും, വിദേശികളുമായ വിനോദ സഞ്ചാരികൾക്ക് ഹരമാണ്. ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസേന ആലപ്പുഴയിലെത്തുന്നത്. വിശാലമായ വേമ്പനാട് കായലിലും, അനുബന്ധ കനാലുകളിലും ഒഴുകി നടന്ന് കായൽക്കാഴ്ചകളും, പ്രകൃതി സൗന്ദര്യവും ആസ്വദിക്കാനുള്ള അവസരമാണ് വിനോദ സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. കൂട്ടമായും, കുടുംബമായും എത്തുന്നവരും നിരവധിയാണ്.
ആലപ്പുഴയിലെ ഈ വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. ഒരാൾ മുതൽ നൂറ്പേർ വരെ സഞ്ചരിക്കുന്ന ചെറുതും, വലുതുമായ ആയിരക്കണക്കിന് വഞ്ചി വീട്ടുകളാണ് വേമ്പനാട് കായലിലുള്ളത്. വിനോദ സഞ്ചാരികളെ ആശ്രയിച്ച് മാത്രമാണ് ഹൗസ്ബോട്ട് മേഖല നില നിൽക്കുന്നത്. എന്നാൽ ഹൗസ് ബോട്ട്കളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ല എന്നത് യാഥാർത്ഥ്യമാണ്.
ടൂറിസം വകുപ്പിന്റെ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.നീന്തൽ അറിയാവുന്നവരെ മാത്രം ഹൗസ് ബോട്ടുകളിൽ ജീവനക്കാരായി നിയമിക്കണം എന്നതും പ്രധാനപ്പെട്ടതാണ്. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല. നിരന്തരമായുണ്ടാകുന്ന അപകട മരണങ്ങൾക്ക് കാരണവും സുരക്ഷാവീഴ്ച തന്നെയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രണ്ട് കുട്ടികളാണ് കായലിൽ വീണ് മരിച്ചത്.
അപകടങ്ങളുണ്ടായാൽ ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലില്ല. നീന്തൽ അറിയാവുന്ന ജീവനക്കാരില്ല. ഇതെല്ലാം വിരൽ ചൂണ്ടുന്നത് സുരക്ഷാവീഴ്ചയിലേയ്ക്ക് തന്നെയാണ്. വേമ്പനാട് കായലിന് ഉൾക്കൊള്ളാനാവുന്നതിനേക്കാൾ പതിന്മടങ്ങ് ഹൗസ് ബോട്ടുകളാണ് ഇപ്പോഴുള്ളത്. ഇവയിൽ പലതിനും ലൈസൻസ് പോലുമില്ല. ഹൗസ്ബോട്ട് മേഖല സാമൂഹ്യ വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള അവസരമാണെന്നാണ് നാട്ടുകാർ ആക്ഷേപിക്കുന്നത്.
ഈ മേഖലയിലെ അപകടങ്ങളെക്കുറിച്ചും, അപകട മരണങ്ങളെക്കുറിച്ചും കാര്യമായ അന്വേഷണങ്ങളും നടക്കാറില്ല. കാര്യക്ഷമമായ നിരീക്ഷണവും,സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാനുള്ള നടപടികളും ശക്തിപ്പെടുത്തിയാൽ അപകടങ്ങൾ കുറയ്ക്കാനാവുമെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























