വേദനകൊണ്ട് പുളയുമ്പോഴും ബസിലുള്ള യാത്രക്കാരെ കൈവിടാതെ ഡ്രൈവർ; ഒടുവിൽ യാത്രക്കാരെ സുരക്ഷിതരാക്കി വിനോദ് യാത്രയായി...

നെഞ്ചുവേദനയില്‍ പിടയുമ്ബോഴും തന്റെ ബസിലുള്ള യാത്രക്കാരുടെ സുരക്ഷിതത്വം എന്ന ഉത്തരവാദിത്തം തൊടുപുഴ വണ്ണപ്പുറം ഒടിയപാറ മേവക്കാട്ട് എം.കെ. വിനോദ് (51) നിറവേറ്റി. ബസ് പാതയോരത്തെ മതിലില്‍ ഇടിപ്പിച്ചുനിര്‍ത്തുന്നതു വരെ സ്‌റ്റിയറിങ് ആ കൈകളില്‍ ഭദ്രമായിരുന്നു. തുടര്‍ന്നു കുഴഞ്ഞുവീണ വിനോദ് മരണത്തിനു കീഴടങ്ങി.
ഹൃദയാഘാതം മൂലം വേദനകൊണ്ട് പുളഞ്ഞപ്പോഴും വിനോദ് തന്റെ കടമ മറന്നില്ല. ബസില്‍ നിറയെയുണ്ടായിരുന്ന യാത്രക്കാരെക്കുറിച്ചായിരുന്നു ഉത്തമനായ ആ ഡ്രൈവറുടെ ചിന്ത. ബസ് സമീപത്തെ മതിലിലേക്ക് സാവധാനം ഇടിച്ചുനിര്‍ത്തിയപ്പോഴേക്കും വിനോദ് സീറ്റില്‍ തളര്‍ന്നുവീണു. പാലാ-തൊടുപുഴ റൂട്ടിലോടുന്ന മേരിമാതാ സ്വകാര്യബസ് ഇന്നലെ വൈകിട്ട് നാലിന് കാനാട്ടുപാറയിലെത്തിയപ്പോഴായിരുന്നു യാത്രക്കാരെ ഭീതിയിലാഴ്‌ത്തിയ സംഭവം. ഒരു പോറല്‍പോലുമേല്‌ക്കാതെ തങ്ങള്‍ രക്ഷപ്പെടുമ്ബോഴും എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചിരിക്കുകയായിരുന്നു യാത്രക്കാരിലധികവും.
സീറ്റില്‍ തളര്‍ന്നിരുന്ന വിനോദിനെ സ്‌ത്രീകളടക്കമുള്ള യാത്രക്കാരുടെ നിലവിളിക്കിടയില്‍ എല്ലാവരും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ പൊലിഞ്ഞിരുന്നു. തങ്ങളുടെ ജീവന്‍ രക്ഷിച്ച ഡ്രൈവറുടെ ജീവന്‍ വിധി തട്ടിയെടുത്തതറിഞ്ഞ് കണ്ണീരോടെ ബസിലെ യാത്രക്കാര്‍ മടങ്ങുമ്ബോഴും സംഭവത്തിന്റെ നേര്‍ചിത്രം തങ്ങളുടെ മനസില്‍നിന്ന് മായുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























