നേതാക്കന്‍മാര്‍ക്കെതിരെ നടപടി വരുമെന്ന് ഭയന്ന് കെ.ജി.എം.ഒ.എ വാളും പരിചയും മടക്കി സെക്രട്ടറിയേറ്റില്‍ ആരോഗ്യമന്ത്രിയെ കാണാനെത്തി; കടക്ക് പുറത്തെന്ന് പറയാതെ മന്ത്രി സെക്രട്ടറിയെ ചര്‍ച്ചയ്ക്ക് വിട്ടു

സ്വയംകുഴിച്ച കുഴിയില്‍ വീണ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും ഭാരവാഹികളും വാളുംപരിചയും മടക്കി പിണറായി സര്‍ക്കാരിനും മുന്നില്‍ അടിയറവ് പറയുന്നു. സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയും പൊതുജനം കയ്യേറ്റം ചെയ്യുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തതോടെയാണ് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. എന്നാല്‍ മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായില്ല. സമരം നിര്‍ത്തിയിട്ട് വന്നാല്‍ ചര്‍ച്ച മതിയെന്ന് അറിയിച്ചു. ഇതോടെ പ്രൈവറ്റ് സെക്രട്ടറിയുമായി നേതാക്കള്‍ സംസാരിച്ചു. മൂന്ന് ഡോക്ടര്‍മാരുള്ള ആശുപത്രികളില്‍ ചികില്‍സയ്ക്ക് തയ്യാറാണെന്ന് രേഖാമൂലം നേതാക്കള്‍ മന്ത്രിക്ക് എഴുതി ഒപ്പിട്ട് നല്‍കി. മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചു.
ആരോഗ്യ സെക്രട്ടറി സമരക്കാരുമായി ചര്‍ച്ച നടത്തി. കെ.ജി.എം.ഒ.എ ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയതോടെയാണ് അനുരഞ്ജനവുമായി കെ.ജി.എം.ഒ.എ എത്തിയത്. നടപടി വന്നാല്‍ അത് സംഘടനയെ തന്നെ ബാധിക്കുമെന്ന് നേതൃത്വത്തിന് മനസിലായി. രാവിലെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ അമ്മയ്ക്ക് ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് മകന്‍ പ്രതിഷേധം നടത്തിയത് വലിയതോതില്‍ ചര്‍ച്ചയായിരുന്നു. അവസാനം കളക്ടറെത്തി ചികില്‍സ ഉറപ്പാക്കുകയായിരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ വ്യാപകമായതോടെയാണ് സമരം അവസാനിപ്പിക്കാനുള്ള നീക്കം തുടങ്ങിയത്.
https://www.facebook.com/Malayalivartha
























