ഗോത്ര പാരമ്പര്യത്തിന്റെ പെരുമ വിളിച്ചോതുന്ന മുനിയറകൾ നാശത്തിന്റെ പാതയിൽ...; ഇടുക്കി ജില്ലാ ആസ്ഥാനത്തെ ഏക മുനിയറയാണ് സംരക്ഷിക്കപ്പെടാതെ നശിക്കുന്നത്

ഇടുക്കിയിലെ വനാന്തരങ്ങളിൽ അധിവസിച്ചിരുന്ന ഗോത്രവർഗ്ഗങ്ങളുടെ തിരുശേഷിപ്പുകളാണ് മുനിയറകളിൽ പലതും. എന്നാൽ സംരക്ഷിക്കാൻ ആരുമില്ലാതെ മുനിയറകൾ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. മറയൂരിലെ മുനിയറകൾ കഴിഞ്ഞാൽ ജില്ലാ ആസ്ഥാനത്തെ ഏക മുനിയറയാണ് ഇത്തരത്തിൽ ആരും സംരക്ഷിക്കാനില്ലാതെ നശിക്കുന്നത്. ഇടുക്കി ഡാം കാണാൻ എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് ഈ മുനിയറകൾ. ഡാം കാണാൻ എത്തുന്നവർക്ക് എളുപ്പത്തിൽ ഇവിടെ എത്താനാകും.

ഇടുക്കി വെള്ളാപ്പാറ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന് സമീപമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മുനിയറകൾ കാണപ്പെടുന്നത്. നിലവിൽ ഈ ക്ഷേത്രത്തിന്റെ പരിധിയിലാണ് മുനിയറകൾ. എന്നാൽ ഈ മുനിയറകൾ സംരക്ഷിക്കുവാനുള്ള യാതൊരു നടപടികളും ഇവിടുത്തെ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഏറെ സമ്മർദങ്ങൾക്കൊടുവിലാണ് ക്ഷേത്ര ഭരണ സമിതി മുനിയറക്ക് ചങ്ങലവേലിയിടാൻപോലും തയ്യാറായത് എന്നും സമീപവാസികൾ പറയുന്നു.

പുരാവസ്തു വിഭാഗമോ, ഫോറസ്റ്റിന്റെ പരിധിയിൽ ആയതിനാൽ വനംവകുപ്പിന്റെ കീഴിലോ മറ്റ് സർക്കാർ ഏജൻസികളോ മൂന്നിയറകൾ ഏറ്റെടുത്ത് സംരക്ഷിച്ചാൽ ചരിത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ജില്ലാ ആസ്ഥാനത്ത് എത്തുന്ന ആയിരകണക്കിന് വിനോദ സഞ്ചാരികൾക്കും ഈ മുനിയറകൾ ഒരു അറിവിന്റെയും വിനോദത്തിന്റെയും കാഴ്ചയൊരുക്കും.

അധികൃതരുടെ ഭാഗത്തു നിന്നും ഇത്രയും അവഗണനകൾ ഉണ്ടാകുമ്പോൾ പോലും ദിവസവും നിരവധി ആളുകളാണ് മുനിയറകൾ കാണാൻ എത്തുന്നത്. ദിവസവും വിനോദ സഞ്ചാരികൾ യാത്ര ചെയ്യുന്ന നേര്യമംഗലം പുളിയൻമല റൂട്ടിലാണ് വെള്ളാപറയിലെ ഈ മുനിയറകൾ. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും സംരക്ഷണവും, അടിസ്ഥന സൗകര്യങ്ങളും മെച്ചപ്പെടുത്തി സഞ്ചാരികൾക്ക് തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
https://www.facebook.com/Malayalivartha

























