വർഷങ്ങളായി കുട്ടികളില്ല; അകന്നുകഴിഞ്ഞ ഭർത്താവിന്റെ മനസ്സിൽ കുടികൊണ്ടത് സംശയരോഗവും ക്രൂര പകയും; കുടുംബശ്രീ യോഗത്തിനിടെ നാട്ടുകാർ നോക്കി നിൽക്കെ യുവതിയെ പെട്രോളൊഴിച്ച് ചുട്ടെരിച്ചു: തൃശൂരിനെ നടുക്കി ക്രൂരകൊലപാതകം

നാട്ടുകാർ നോക്കി നിൽക്കെ നടുറോഡിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു. ചെങ്ങാലൂർ കുണ്ടുകടവ് പയ്യപ്പിള്ളി വിരാജുവിന്റെ ഭാര്യയും മോനൊടി കണ്ണോളി ജനാർദ്ദനന്റെ മകളുമായ ജീതു( 26)വാണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ വിരാജുവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വിരാജവുവിന്റെ വീടിന് മുന്നിൽ വച്ചാണ് സംഭവം നടന്നത്. മോനൊടിയിലെ വീട്ടിലായിരുന്ന ജീതു ചെങ്ങാലൂരിലെ കുടുംബശ്രീ യൂണിറ്റിന്റെ യോഗത്തിൽ പങ്കെടുക്കാൻ പിതാവിനൊപ്പം എത്തിയതായിരുന്നു. യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന ജീതുവിനെ കാത്ത് വീടിന് മുന്നിൽ നിൽക്കുകയായിരുന്നു വിരാജു.
ജീതു വീടിന് മുന്നിലെത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന കന്നാസിലെ പെട്രോൾ ജീതുവിന്റെ ശരീരത്തിൽ ഒഴിക്കുകയും കത്തിക്കുകയുമായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. കണ്ടുനിന്ന നാട്ടുകാരാരും തന്നെ ജീതുവിനെ രക്ഷിക്കാൻ ശ്രമിച്ചതുമില്ല. ഗുരുതര പൊള്ളലേറ്റ ജീതുവിനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു.
അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വിരാജുവും ജീതുവും സംയുക്തമായി വിവാഹ മോചനത്തിനായി കോടതിയിൽ ഹർജി നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. ജീതുവിന് മറ്റാരുമായോ ബന്ധമുണ്ടെന്ന് വിരാജ് സംശയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha

























