അകക്കാഴ്ചയുടെ കരുത്തില്‍ ഐഎഎസ് നേടിയ പ്രാഞ്ജാല്‍ പാട്ടീല്‍ എറണാകുളം ജില്ലയുടെ അസിസ്റ്റന്റ് കളക്ടർ

ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലെങ്കിലും അകക്കാഴ്ചയുടെ കരുത്തില്‍ ഐഎഎസ് നേടിയ പ്രാഞ്ജാല്‍ പാട്ടീല്‍ എറണാകുളം ജില്ലയുടെ അസിസ്റ്റന്റ് കളക്ടറായി തിങ്കളാഴ്ച ചുമതലയേറ്റു. മുസ്സൂറിയിലെ ഐഎഎസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ പ്രാഞ്ജാലിന്റെ ആദ്യ നിയമനമാണ് കൊച്ചിയിൽ. കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് 124ാം റാങ്ക് നേടിയാണ് പ്രാഞ്ജാള്‍ ഐഎഎസ് എന്ന നേട്ടം സ്വന്തമാക്കിയത്.
ആറാം വയസില്‍ കാഴ്ച നഷ്ടമായ പ്രഞ്ജലിനു തുണയായി മാതാപിതാക്കളും സഹോദരനും ഒപ്പം നിന്നു. മലയാളി സുഹൃത്തുക്കള്‍ ഏറെയുണ്ടെങ്കിലും മലയാളം കടുകട്ടി തന്നെ. പക്ഷേ വേഗം തന്നെ ഈ ഭാഷ പഠിച്ചെടുക്കുമെന്നും ആത്മവിശ്വാസത്തോടെ പ്രഞ്ജാല്‍ പറഞ്ഞു.
കേരളീയര്‍ സാക്ഷരതയിലും പുരോഗമന ചിന്താഗതിയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. കേരളത്തെക്കുറിച്ച് അറിഞ്ഞതും കേട്ടതും നിറമുള്ള ചിത്രങ്ങള്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു. ഇന്നലെ കാക്കനാട് സിവില്‍ സ്‌റ്റേഷനിലെത്തി ചുമതലയേറ്റെങ്കിലും തിരുവനന്തപുരത്തെ പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാന്‍ അടുത്ത മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരും. അടുത്ത ആഴ്ച മുതല്‍ തിരുവനന്തപുരത്ത് പരിശീലനം തുടങ്ങും.
മുംബൈ സെന്റ് സേവിയേഴ്‌സ് കോളജില്‍നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദം നേടി. 2015ല്‍ യു.പി.എസ്.സി. പരീക്ഷയില്‍ 773-ാം റാങ്ക് ലഭിച്ചിരുന്നു.
ആറാം വയസ്സിലാണ് പ്രഞ്ജാലിന് കാഴ്ച നഷ്ടമാകുന്നത്. എന്നാല്‍, പ്രതികൂല സാഹചര്യത്തില്‍ തളരാതെ മുന്നോട്ടുപോയാണ് ഈ മുംബൈക്കാരി അഭിമാന നേട്ടത്തിലെത്തിയത്. തന്റെ പഠനത്തില്‍ സാങ്കേതികവിദ്യ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രത്യേക സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെ പാഠങ്ങള്‍ വായിച്ചുകേട്ടായിരുന്നു പഠനമെന്നും പ്രഞ്ജാല്‍ പറയുന്നു. ലക്ഷ്യത്തിലെത്താന്‍ നിശ്ചയ ദാര്‍ഢ്യവും ആത്മവിശ്വാസവും മാത്രം മതി. ഉയര്‍ന്ന കാഴ്ചപ്പാടാണ് കാഴ്ചാവൈകല്യത്തെ തോല്‍പ്പിക്കാന്‍ തനിക്കു കരുത്തേകിയതെന്നും പ്രഞ്ജാല്‍ പറയുന്നു.
https://www.facebook.com/Malayalivartha






















