കെവിന്റെ മരണം സംഭവിച്ചത് എങ്ങനെ? വെള്ളത്തിൽ മുങ്ങിയതോ മുക്കിയതോ; ശരീരത്തിൽ ഉണ്ടായിരുന്നത് പതിനഞ്ച് ചതവുകൾ; വെള്ളത്തിൽ കിടന്നത് ഇരുപത് മണിക്കൂറുകൾ

ദുരഭിമാനക്കൊലയ്‌ക്കിരയായ കെവിന്റെ മരണം വെള്ളം ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്നെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. സ്വയം വെള്ളം കുടിച്ചു മരിച്ചതാണോ അതോ വെള്ളത്തില്‍ മുക്കിക്കൊന്നതാണോ എന്നന്നറിയാന്‍ മജ്‌ജ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചു. ഈ പരിശോധനയില്‍ മരണകാരണം വ്യക്‌തമാകും.
മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്റെയും വലിച്ചിഴച്ചതിന്റെയുമായി ഇരുപതിലേറെ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തില്‍ ചതവുള്ളതായും കണ്ടെത്തി. എന്നാല്‍, ഇതൊന്നും മരണകാരണമല്ലെന്നാണു പ്രാഥമിക നിഗമനം. വിശദമായ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു കൈമാറും. കെവിന്റെ മുഖത്തുമാത്രം നാലിടത്തു പരുക്കുണ്ട്. ഒരേ സ്‌ഥലത്തു നിരന്തരം ഇടിച്ചതിന്റെ ആഴമേറിയ മുറിവാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള നിരവധി പരുക്കുകള്‍ ശരീരത്തിന്റെ പലഭാഗത്തുമുണ്ട്.
മൃതദേഹം ഇരുപത് മണിക്കൂറിലേറെ വെള്ളത്തില്‍ കിടന്നതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്‌ച പുലര്‍ച്ചെ തന്നെ മരണം സംഭവിച്ചതായാണ് ഇതിലൂടെ വ്യക്‌തമാകുന്നത്. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. മൃതദേഹത്തിനുള്ളില്‍ 42 ഗ്രാം ദഹിക്കാത്ത ഭക്ഷണമുണ്ടായിരുന്നു. മൃതദേഹം അഴുകിയതോടെ ശ്വാസകോശം പൊട്ടി സ്രവം ശരീരത്തിനുള്ളില്‍ കലര്‍ന്നിരുന്നു.
ആന്തരികാവയവ പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ അന്തിമ റിപ്പോര്‍ട്ട് തയാറാക്കൂവെന്ന് അധികൃതര്‍ പറഞ്ഞു. പോലീസ് സര്‍ജന്മാരായ ഡോ. രാജീവ്, ഡോ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്‌റ്റ്‌മോര്‍ട്ടം.ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളേജിലാണ് കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. രാവിടെ 9.30-ന് ആരംഭിച്ച പോസ്‌റ്റ്‌മോര്‍ട്ടം പതിനൊന്നിനാണ് അവസാനിച്ചത്. പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തി.
https://www.facebook.com/Malayalivartha






















