കാലവർഷം ശക്തിപ്പെട്ടതോടെ മണ്ണിടിച്ചിലിനു സാധ്യത ; മലയോര പാതകളിലൂടെയുള്ള രാത്രിയാത്രക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജാഗ്രത നിർദ്ദേശം ; ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് പീരുമേട്ടിൽ

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. കാലവര്‍ഷം ശക്തിപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കിയാണ് പല മേഖലകളിലും കനത്ത മഴ പെയ്യുന്നത്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് പീരുമേട്ടിലാണ്. 124 മില്ലീമീറ്റര്‍ മഴയാണ് പീരുമേട്ടില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ഇന്നലെ രാവിലെ വരെ രേഖപ്പെടുത്തിയത്.
തൊടുപുഴയില്‍ 72.5 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ ഉടുമ്പൻചോലയില്‍ 27.6 മില്ലീമീറ്ററും ദേവികുളത്ത് 54.8 മില്ലീമീറ്റര്‍ മഴയും രേഖപ്പെടുത്തി. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തിയായി ഉയര്‍ന്നതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ജല നിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു.
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ ദേശീയ പാതയില്‍ വെള്ളം കയറിയതിനാല്‍ ബസ്, ലോറി ഒഴികെയുള്ള ചെറു വാഹനങ്ങള്‍ക്ക് ഇതു വഴി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം വാഹനങ്ങള്‍ കുട്ടിക്കാനം, ഏലപ്പാറ, കുട്ടിക്കാനം , പുളിയന്മല വഴി തിരിച്ചു വിട്ടു. കനത്തെ മഴയെതുടര്‍ന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ജാഗ്രതാനിര്‍ദേശം തുടരുകയാണ്. വേനല്‍മഴ ശക്തിപ്പെട്ടപ്പോള്‍ പ്രഖ്യാപിച്ച ജാഗ്രതയാണ് കാലവര്‍ഷത്തോടനുബന്ധിച്ചുള്ള മഴെയത്തിയപ്പോഴും തുടരുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോര പാതകളിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















