സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അങ്ങേയറ്റം വിമര്‍ശിക്കാം, തെറ്റുകള്‍ ചൂണ്ടിക്കാട്ടാം എന്നാല്‍ മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാകേണ്ടെന്ന് മുഖ്യമന്ത്രി

കോട്ടയത്തെ ദുരഭിമാന കൊലപാതകത്തിലെ പ്രതികളെ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാരെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇതുപോലൊരു സംഭവം നടക്കുമ്പോള്‍ പെട്ടന്നുണ്ടാകേണ്ട നടപടി പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. കോട്ടയം ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എന്റെ പരിപാടി അന്നേ ദിവസം ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഉണ്ടായിരുന്നത്. രാവിലെയാണ് കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും പിതാവും പരാതിയുമായി എത്തിയത്. എന്നിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചില മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാനാണ് ശ്രമിച്ചത്. കൊലപാതകം നടന്നപ്പോള്‍ അതിലെ പ്രതികളെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമത്തിനൊപ്പം നില്‍ക്കേണ്ടതിന് പകരം മുഖ്യമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളിലേക്ക് വഴിതിരിച്ച് വിടുകയാണുണ്ടായത്. അത് ശരിയല്ല. ഏഷ്യാനെറ്റ് ചാനലിലെ ഉന്നതര്‍ ആരോ ഫോണിലൂടെ നിര്‍ദ്ദേശിച്ചതിന് അനുസരിച്ചാണ് ലേഖിക സുരക്ഷ സംബന്ധിച്ച ചോദ്യങ്ങള്‍ തന്നോട് ചോദിച്ചതെന്നും അത് പൊതുജനങ്ങള്‍ക്ക് തുറന്ന് കാട്ടുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ച സംബന്ധിച്ച് അങ്ങേയറ്റം വിമര്‍ശനം നടത്താന്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. കോട്ടയം സംഭവം ഒറ്റപ്പെട്ടതാണ്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് മുഖ്യമന്ത്രിയാണ് പ്രതിയെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നത്. ഇത് ശരിയാണോ എന്ന് നിങ്ങള്‍ സ്വയം മനസിലാക്കണം. നിങ്ങള്‍ക്ക് വിമര്‍ശനം നടത്താം എന്നാല്‍ വിധികര്‍ത്താക്കളാകേണ്ടെന്നും മുഖ്യന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
രാവിലെ ഒരു ചാനലില്‍ വന്ന വാര്‍ത്ത കോട്ടയം സംഭവം സംബന്ധിച്ച് ഐ.ജി വിജയ് സാഖറെ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നാണ്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. ഇത് മനസിലായപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും എന്നാക്കി വാര്‍ത്ത. ഇത്തരത്തില്‍ ഇല്ലാത്ത വാര്‍ത്ത കെട്ടിച്ചമയ്ക്കുന്നതെന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. പൊലീസിനെതിരെയുള്ള നടപടി കര്‍ശനമായ സന്ദേശമാണ്. മുമ്പും പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായപ്പോള്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ചില പൊലീസുകാര്‍ അത് പാലിക്കാന്‍ തയ്യാറാകുന്നില്ല. അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ സുരക്ഷ താന്‍ മാത്രമല്ല തീരുമാനിക്കുന്നതെന്നും മു്ഖ്യമന്ത്രി പറഞ്ഞു. സുരക്ഷ കുറഞ്ഞാല്‍ ആരെങ്കിലും വഴിയില്‍ തടഞ്ഞാല്‍ നാളെ നിങ്ങള്‍ തന്നെ പറയും പൊലീസിന് വീഴ്ച പറ്റിയെന്ന്. നാളെ ഈ കസേരയില്‍ നിന്നിറങ്ങിയാല്‍ സാധരണക്കാരനെ പോലെ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















