വയോധികർക്ക് നേരെയുള്ള അതിക്രമത്തിന് ശമനമില്ല ; മുറിയിലെ ലൈറ്റ് അണക്കാത്തതിനാൽ 85കാരിയായ അമ്മയ്ക്ക് മകന്റെ ക്രൂരമര്‍ദ്ദനം ; മുഖത്തും മൂക്കിനും പരുക്കേറ്റ കൊല്ലം കുളത്തൂപ്പുഴ സ്വദേശി റാഹേലമ്മ ആശുപത്രിയില്‍ ചികിത്സയിൽ

വയോധികർ തങ്ങൾക്ക് ഭാരമാണെന്ന് കരുതുന്ന മക്കളും ബന്ധുക്കളുമാണ് ഇന്ന് കൂടുതൽ. അതുകൊണ്ടുതന്നെ വയോധികർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതായാണ് കണ്ടുവരുന്നത്. അത്തരത്തിൽ ഒരു സംഭവമാണ് കൊല്ലം കുളത്തൂപ്പുഴയിൽ കഴിഞ്ഞ ദിവസം സംഭവിച്ചത്. മുറിയിലെ ലൈറ്റ് അണക്കാത്തതിനാൽ 85കാരിയായ അമ്മയ്ക്ക് മകന്റെ ക്രൂരമര്‍ദ്ദനം. മുഖത്തും മൂക്കിനും പരുക്കേറ്റ കൊല്ലം കുളത്തൂപ്പുഴ സ്വദേശി റാഹേലമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ അടുക്കളയിലേക്ക് പോകാന്‍ റാഹേലമ്മ ലൈറ്റിട്ടു. ലൈറ്റണയ്ക്കാന്‍ മകന്‍ ബാബുക്കുട്ടി ആവശ്യപ്പെട്ടിട്ടും റാഹേലമ്മ അനുസരിച്ചില്ല. തുടർന്ന് മകൻ അമ്മയെ മർദിക്കുകയായിരുന്നു. മുടിയില്‍ പിടിച്ച് തറയിലിട്ട ശേഷം മുഖത്തും കാലിലും ചവിട്ടി. നിലവിളിച്ചപ്പോള്‍ വാ പൊത്തിപ്പിടിച്ചു. മര്‍ദ്ദനമേറ്റ റാഹേലമ്മയുടെ മുഖം നീരുവന്ന് മുഴച്ചു. മൂക്കിന്റെ പാലത്തിനു ഗുരുതരമായി പരുക്കേറ്റെന്ന് രക്തം വന്നു.
റാഹേലമ്മയുടെ ബഹളം കേട്ട് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോഴേക്കും ബാബുക്കുട്ടി രക്ഷപ്പെട്ടു. നാട്ടുകാരാണ് അവശയായ അമ്മയെ പിന്നീട് ആശുപത്രിയിലെത്തിച്ചത്. പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ ബാബുക്കുട്ടിയെ പിടികൂടി. മുൻപും സമാനമായ രീതിയിൽ അമ്മയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് ബാബുക്കുട്ടി സമ്മതിച്ചു.
https://www.facebook.com/Malayalivartha


























