വെളുപ്പിന് പതിവ് പോലെ ചായ കുടിക്കാൻ തട്ടുകടയിൽ എത്തി; പിന്നീട് ഭിക്ഷാടകനെ കണ്ടത് ഇലക്‌ട്രിക് പോസ്റ്റില്‍ തൂങ്ങി നിൽക്കുന്ന നിലയിൽ: സംഭവത്തിൽ ദുരൂഹത

നഗരമധ്യത്തിലെ ഇലക്‌ട്രിക് പോസ്റ്റില്‍ ഭിക്ഷാടകന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു . പള്ളിക്കത്തോട് സ്വദേശി വിജയന്റെ മൃതദേഹമാണ് തിരുനക്കര ക്ഷേത്രത്തിന്റെ തെക്കുവശത്ത് ആസാദ് ലൈനിന്റെ കവാടത്തില്‍ പോസ്റ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഇന്ന് വെളുപ്പിന് വഴിയാത്രക്കാരാണ് ആദ്യം കണ്ടത്. മൃതദേഹം കാണപ്പെട്ട പോസ്റ്റിന് പത്തടി മാറി കടത്തിണ്ണയിലാണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്. ആറു മാസം മുമ്പ് കോട്ടയത്ത് എത്തിയ ഇയാള്‍ സ്ഥിരമായി കിടന്നുറങ്ങിയിരുന്നത് ഇവിടത്തെ കടത്തിണ്ണകളിലാണ്. ഇന്നലെയും രാത്രി കിടന്നുറങ്ങാന്‍ തുണികള്‍ വിരിക്കുന്നത് കടക്കാര്‍ കണ്ടിരുന്നു. അത് അവിടെ കിടപ്പുണ്ടായിരുന്നു.
വെളുപ്പിന് നാലരയ്ക്കും അഞ്ചിനും ഇടയില്‍ അമ്ബലത്തിനു സമീപമുള്ള തട്ടുകടയില്‍ എത്തി ഇയാള്‍ ചായ കുടിച്ചിരുന്നു. ചെരിപ്പുകള്‍ അണിഞ്ഞ് മുണ്ട് മടക്കിക്കുത്തി കാലുകള്‍ ബലമായി നിലത്ത് ഉറപ്പിച്ച നിലയിലാണ് മൃതദേഹം. എന്നാല്‍ കഴുത്തില്‍ കുരുക്കുണ്ട്. കേബിള്‍ ആണെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ. എന്നാല്‍ വെള്ളമുണ്ടിന്റെ കറുത്ത കരയെടുത്ത് പിരിച്ച് ഉണ്ടാക്കിയതാണ് കുരുക്കെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി.
ഇയാള്‍ അരോടെങ്കിലും വഴക്കുണ്ടാക്കിയോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടാല്‍ ആരെങ്കിലും കെട്ടിതൂക്കിയതാണെന്നേ തോന്നൂ. ദുരൂഹത പൊലീസ് തള്ളിക്കളയുന്നില്ല. ഇവിടെ കിടന്നുറങ്ങുന്ന മറ്റുള്ളവരെ പൊലീസ് ചോദ്യം ചെയ്യും. കോട്ടയം വെസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസ്, എസ്.ഐ എം.ജെ.അരുണ്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























