മോഷണ പരമ്പരകളിലൂടെ കണ്ണൂരിനെ ഞെട്ടിച്ച മോഷ്ടാക്കള്‍ അടുത്തിടെ പട്ടാപ്പകല്‍ നടത്തിയ ജ്വല്ലറി കവര്‍ച്ചയിലൂടെയാണ് വലയിലായത്, ഇതോടെ തെളിയാതെ കിടന്ന പത്ത് കേസുകള്‍ക്ക് തുമ്പായി പൊലീസിന് തൂവലും

കണ്ണൂര്‍ പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതികളെ പൊലീസ് വലയിലാക്കി. ജ്വല്ലറി കവര്‍ച്ചയിലെ മുഖ്യ സൂത്രധാരനും റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരനുമായ പുതിയങ്ങാടി സ്വദേശി റഫീഖ് (42), മാടായി പോസ്റ്റ് ഓഫീസിന് സമീപം പന്തല്‍ അലങ്കാരപ്പണി നടത്തുന്ന കൊഞ്ഞന്റെ വളപ്പില്‍ നൗഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലന്‍, പഴയങ്ങാടി എസ്.ഐ ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അല്‍ഫത്തീബിയില്‍ നിന്ന് 3.4 കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയുമാണ് കവര്‍ച്ചചെയ്തതെന്നാണ് നേരത്തെ ജ്വല്ലറി ഉടമ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണ്ണം തൂക്കി നോക്കിയിരുന്നു. 2.880 കിലോയാണ് പ്രതികള്‍ കവര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പൊലീസ് ജ്വല്ലറിയിലെ സ്‌റ്റോക്ക് വീണ്ടും പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്‌റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രതികള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് മനസ്സിലായി. 2.880 കിലോയാണ് നഷ്ടപ്പെട്ടതെന്ന് ഉടമയും സ്ഥിരീകരിച്ചു.
പ്രതി റഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ മറ്റ് കവര്‍ച്ചയെക്കുറിച്ചും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. അല്‍ഫത്തീബി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ നട്ടുച്ചയ്ക്ക് പൂട്ടുപൊളിച്ചാണ് കവര്‍ച്ചാ സംഘം സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയും കൊണ്ടുപോയത്. പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണ്ണവുമായി സ്‌കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. സ്‌കൂട്ടറിനായി നടത്തിയ തെരച്ചിലില്‍ നാലായിരത്തോളം സ്‌കൂട്ടറുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. പതിനായിരത്തിലേറെ മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിച്ചു. ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമായത്.
2014 ല്‍ പുതിയങ്ങാടി ജിന്ന് റോഡിലെ വീട്ടില്‍ നിന്ന് 81 പവന്‍ കവര്‍ന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. ഇതുള്‍പ്പെടെ പത്തുകേസുകളാണ് പ്രതികളുടെ അറസ്‌റ്റോടെ തെളിഞ്ഞത്. 2013 ഡിസംബര്‍ 21 ന് മാടായി പോസ്റ്റ് ഓഫീസിനടുത്തെ കെ. റഷീദയുടെ വീട്ടില്‍ നിന്ന് 77 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചതും 2017 ഒക്ടോബര്‍ 12ന് മാട്ടൂല്‍ നോര്‍ത്തിലെ എസ്.മുഹമ്മദിന്റെ വീട്ടില്‍ നിന്ന് പതിനായിരം രൂപയും ലാപ്‌ടോപ്, മൊബൈല്‍ എന്നിവ കവര്‍ന്നതും പിടിയിലായ രണ്ടംഗസംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
2017 നവംബര്‍ ആറിന് മാട്ടൂല്‍ നോര്‍ത്ത് മൂസക്കാന്‍ പള്ളിക്കടുത്ത ടി.കെ. അഹമ്മദ് ആഷിഖിന്റെ വീട്ടില്‍ നിന്ന് രണ്ടുപവന്‍ സ്വര്‍ണ്ണവും 6.9 ലക്ഷം രൂപയും വാച്ചും കവര്‍ന്നതും 2017 ഡിസംബര്‍ അഞ്ചിന് മാട്ടൂല്‍ വായനശാലയ്ക്കടുത്ത് നിര്‍ത്തിയിട്ടിരുന്ന എ.സി.സിദ്ദിഖിന്റെ സ്‌കൂട്ടര്‍, 2018 ജൂണ്‍ നാലിന് പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിനടുത്തെ കെ. അബ്ദുല്‍ റഹീമിന്റെ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മൂന്നുപവന്‍ സ്വര്‍ണ്ണവും 40,000 രൂപയും കവര്‍ന്നതും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. മറ്റ് നാല് കവര്‍ച്ചകള്‍ക്കു കൂടി അന്വേഷണ സംഘം ഈ അറസ്‌റ്റോടെ തുമ്പുണ്ടാക്കി.
https://www.facebook.com/Malayalivartha


























