ട്രോളിംഗ് നിരോധനം ആഘോഷമാക്കി അന്യ സംസ്ഥാന മീന്‍ ലോബികള്‍... പാലക്കാട്ടു നിന്നും പിടികൂടിയ 16 ലക്ഷം രൂപ വിലമതിക്കുന്ന 6000 കിലോ ചെമ്മീനിലും അമരവിളയില്‍ പിടികൂടിയ മത്തിയിലും ചേര്‍ത്തത് 4.1 മില്ലി എന്ന അളവിലുള്ള ഫോര്‍മാലിന്‍

പാലക്കാട്ടു നിന്നും പിടികൂടിയ 16 ലക്ഷം രൂപ വിലമതിക്കുന്ന 6000 കിലോ ചെമ്മീനിലും അമരവിളയില്‍ പിടികൂടിയ 6000 കിലോ മത്തിയിലും ചേര്‍ത്തത് 4.1 മില്ലി എന്ന അളവിലുള്ള ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തല്‍. വിഷത്തില്‍ മുക്കിയ മീന്‍ ആന്ധ്രയിലേക്കുതന്നെ തിരിച്ചയ്‌യക്കും. ആന്ധ്രാപ്രദേശില്‍നിന്നുവന്ന 6,000 കിലോ ചെമ്മീന്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുപയോഗിക്കുന്ന ഫോര്‍മാലിന്‍ എന്ന രാസവസ്തു കലര്‍ത്തിയതായി സ്ഥിരീകരിച്ചു.
ചെമ്മീന്‍ ആന്ധ്രയിലേക്കു തിരിച്ചയക്കാന്‍ ഉത്തരവിട്ട ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി. രാജമാണിക്യം അത് അവിടെ വിറ്റഴിക്കാതിരിക്കാന്‍ കരുതലെടുക്കണമെന്നും നശിപ്പിച്ചു കളയാന്‍ നടപടിയെടുക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 14 ലക്ഷം രൂപ വിലമതിക്കുന്ന ചെമ്മീന്‍ പാലക്കാടുനിന്നാണ് പിടികൂടിയത്. ഒരാഴ്ച മുമ്പ് അമരവിളയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്തിയുമായി വന്ന ലോറി ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പരിശോധന ചെക്ക് പോസ്റ്റുകളിലേക്കു വ്യാപിപ്പിച്ചത്.
ഒരു കിലോ മത്സ്യത്തില്‍ 4.1 മില്ലിഗ്രാം എന്നതോതില്‍ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടെന്നാണ് ആലപ്പുഴയില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. മത്സ്യം അഴുകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കരുതെന്നാണ് ചട്ടം. ഐസ് നിറച്ചാല്‍ കൊണ്ടുപോകാവുന്ന മത്സ്യത്തിന്റെ അളവു കുറയും അതുകൊണ്ടു കടത്തുകൂലി ലാഭിക്കാനും രാസവസ്തുക്കള്‍ കലര്‍ത്തുന്നതിലൂടെ സാധിക്കും.
പത്ത് ശതമാനം വീര്യമുള്ള ഫോര്‍മാല്‍ ഡിഹൈഡ് വെള്ളത്തില്‍ കലര്‍ത്തി ഐസ് ആക്കി മാറ്റുകയാണു ചെയ്യുന്നത്. ഈ ഐസ് ഇട്ടാണ് മത്സ്യം വില്‍പനയ്ക്ക് എത്തിക്കുന്നത്. ബാക്ടീരിയകള്‍ നശിപ്പിക്കപ്പെടുന്നതോടെ മത്സ്യം ദീര്‍ഘനാള്‍ കേടുകൂടാതെ ഇരിക്കും. ഒരു ലിറ്റര്‍ ഫോര്‍മാല്‍ഡിഹൈഡിന് വിപണിയില്‍ വില 70 രൂപയാണ്. വന്‍കിട മത്സ്യ സംസ്‌കരണശാലകള്‍ക്ക് ഇതു ചുളുവിലയില്‍ ലഭ്യമാകും.
ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നായി നിത്യേന നൂറോളം ലോഡ് മത്സ്യമാണ് സംസ്ഥാനത്തെത്തുന്നത്. എന്നാല്‍ ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന നാമമാത്രമാണ്. പരിശോധനയ്ക്കായി ഉപയോഗിക്കുന്ന പേപ്പര്‍ സ്ട്രിപ്പുകളുടെ ലഭ്യതക്കുറവാണ് കാരണം. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയാണ് മത്സ്യത്തില്‍ കലര്‍ത്തുന്ന അമോണിയ, ഫോര്‍മാലിന്‍ എന്നിവ കണ്ടുപിടിക്കാന്‍ പേപ്പര്‍ സ്ട്രിപ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. പേപ്പര്‍ സ്ട്രിപ്പ് മത്സ്യത്തില്‍ ഉരസിയശേഷം രാസലായനി പുരട്ടിയാല്‍ നിറം നീലയായി മാറിയാല്‍ രാസവസ്തു കലര്‍ന്നിട്ടുണ്ടെന്നുറപ്പിക്കാം.
https://www.facebook.com/Malayalivartha


























