കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി ; പ്രതിക്ഷത്തെ അത്ഭുതത്തിലാഴ്‌ത്തി സ്പീക്കര്‍ സുമിത്ര മഹാജൻ

നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ അനുമതി. ഇത് പ്രകാരം മണ്‍സൂണ്‍ സെഷന്‍ തുടങ്ങുന്നതിന്റെ ആദ്യ ദിവസം തന്നെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. മുന്‍പ് ബഡ്ജറ്റില്‍ അവിശ്വാസപ്രമേയം കൊണ്ടു വരാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇതിന് സ്പീക്കറുടെ അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രതിക്ഷത്തെ പോലും അത്ഭുതത്തിലാഴ്‌ത്തി സ്പീക്കര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുകയാണ്.
പ്രതിപക്ഷത്തെപ്പോലും അമ്ബരപ്പിച്ച തീരുമാനത്തിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടേയും തന്ത്രമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മോദിയുടേയും അമിത് ഷായുടെയും തന്ത്രമനുസരിച്ചാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയതെന്ന് ഒരു ഭരണകക്ഷി നേതാവ് ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.
പാര്‍ലമെന്റ് സെഷന്‍ തുടങ്ങി ആദ്യ ദിനം തന്നെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടാല്‍ പ്രതിപക്ഷത്തിന് സഭ തടസപ്പെടുത്താന്‍ മറ്റ് വിഷയങ്ങളില്ലാതാകും. ബാക്കി ദിവസങ്ങളില്‍ പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും ഭരണകക്ഷി നേതാവ് കൂട്ടിച്ചേര്‍ത്തു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ എംപി കെസിനേനി ശ്രീനിവാസയാണ് അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയത്. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് അവസരം നല്‍കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടുവെങ്കിലും ആദ്യം അനുമതി തേടിയ പാര്‍ട്ടി എന്ന നിലയില്‍ ടി.ഡി.പിക്ക് അനുമതി നല്‍കുകയായിരുന്നു.
ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്, തൃണമുല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സമാജ്വാദി പാര്‍ട്ടി, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നുണ്ട്. 2003ന് ശേഷം കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന ആദ്യ അവിശ്വാസ പ്രമേയമാണിത്. 2003ല്‍ അന്നത്തെ വാജ്‌പേയ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha


























