തിങ്കളാഴ്ച, മോദി റുവാണ്ട പ്രസിഡന്റിന് ഇരുന്നൂറ് പശുക്കളെ സമ്മാനിക്കും

ആദ്യമായി റുവാണ്ട സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ട പ്രസിഡന്റിന് സമ്മാനിക്കുന്നത് പശുക്കളെയാണ്. തിങ്കളാഴ്ച റുവാണ്ടയില്‍ ആദ്യമായി എത്തുന്ന മോദി ഇരുന്നൂറ് പശുക്കളെ സമ്മാനിക്കുമെന്ന് ദേശിയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റുവാണ്ട പ്രസിഡന്റ് പോള്‍ കാഗെയ്മിന്റെ 'ഗിരിങ്ക' പദ്ധതിയ്ക്കുള്ള ഇന്ത്യയുടെ സംഭാവനയെന്ന നിലയിലാണ് പശുക്കളെ സമ്മാനിക്കുന്നത്. റുവാണ്ടയില്‍ നിന്നുതന്നെയാണ് പശുക്കളെ വാങ്ങുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു പശു' എന്ന പദ്ധതിയാണ് റുവാണ്ടന്‍ സര്‍ക്കാരിന്റെ ഗിരങ്ക. ഇത് നടപ്പിലാക്കിയത് 2006-ലാണ്. പദ്ധതി വന്നതോടെ 3.5 ലക്ഷം കുടുംബങ്ങള്‍ക്ക് ഗുണകരമായെന്നാണ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങള്‍ക്ക് നല്‍കുന്ന പശുവിന് ജനിക്കുന്ന ആദ്യ കിടാവിനെ അയല്‍ക്കാര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദേശം. ഇത് സമൂഹത്തില്‍ സഹോദര ബന്ധവും ഐക്യദാര്‍ഢ്യവും പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അധികൃതര്‍ പറഞ്ഞു.

ഒരു പശുവിനെ മറ്റൊരാള്‍ക്ക് സമ്മാനമായി നല്‍കി ആദരിക്കുന്നത് റുവാണ്ടയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌ക്കാരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റുവാണ്ടന്‍ സന്ദര്‍ശനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്ന് പ്രധാനമന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജൂലൈ 23 മുതല്‍ 27 വരെയാണ് മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം. ദക്ഷിണാഫ്രിക്ക, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുന്നത്. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
https://www.facebook.com/Malayalivartha
























