സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി, നിയമപ്രകാരം പ്രതിഷേധസമരത്തിന് ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ആവശ്യമായ മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്നും കോടതി

സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. മധ്യഡല്‍ഹിയില്‍ പൊതുയോഗവും ധര്‍ണയും പ്രതിഷേധസമരങ്ങളും വിലക്കിയതിനെ ചോദ്യംചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നിയമപ്രകാരം പ്രതിഷേധസമരത്തിന് ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ആവശ്യമായ മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക്ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സിആര്‍പിസി 144ാംവകുപ്പുപ്രകാരം സംഘര്‍ഷസാധ്യതയുള്ള സാഹചര്യത്തില്‍മാത്രമേ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കേണ്ടതുള്ളൂവെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
ജന്തര്‍മന്ദര്‍, ബോട്ട് ക്ലബ്ബ് അടക്കമുള്ളിടത്തും ഇന്ത്യാഗേറ്റ് പരിസരങ്ങളിലും സമരങ്ങള്‍ നടത്താന്‍ അനുമതി നല്‍കണം. 1993 മുതല്‍ ഡല്‍ഹിയില്‍ പ്രതിഷേധസമരങ്ങള്‍ക്കുള്ള ഏകവേദിയാണ് ജന്തര്‍മന്ദര്‍. 2017 ഒക്ടോബറിലെ ഹരിത ട്രിബ്യൂണല്‍ ഉത്തരവുപ്രകാരം ഇവിടെ വിലക്കേര്‍പ്പെടുത്തി.
സമരങ്ങള്‍ ശബ്ദ, പരിസര മലിനീകരണമുണ്ടാക്കുന്നതായും പരിസരവാസികള്‍ക്ക് ശല്യമുണ്ടാക്കുന്നതായും ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഉത്തരവ് ഭരണഘടനയിലെ 19 (1) അനുച്ഛേദം വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ പ്രശാന്ത്ഭൂഷണ്‍ വാദിച്ചു. അഭിപ്രായസ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയും19 (1)വാഗ്ദാനം ചെയ്യുന്നു. ഇതുപ്രകാരം സമാധാനപരമായ പ്രതിഷേധയോഗങ്ങള്‍ ചേരാനും മുദ്രാവാക്യങ്ങള്‍ മുഴക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്.
വാദങ്ങള്‍ അംഗീകരിച്ച കോടതി, പ്രതിഷേധസമരങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാനാകില്ലെന്ന് നിരീക്ഷിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിനടപടിയെ സ്വാഗതം ചെയ്തു.
https://www.facebook.com/Malayalivartha

























