അള്‍വാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ അക്ബറിന്റെ ദേഹത്ത് മാരക മുറിവുകള്‍; ആക്രമണത്തിന്റെ ആഘാതവും മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അക്ബര്‍ ഖാന്റെ ദേഹത്ത് നിരവധി മാരക മുറിവുകള്‍. ആക്രമണത്തിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. ആന്തരിക രക്തസ്രാവവും മരണത്തിന് ഇടയാക്കി എന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. രജീവ് ഗുപ്ത പറഞ്ഞു. ആയുധങ്ങളുമായി ആക്രമിച്ച വിധത്തിലുള്ള മുറിവുകളാണ് ശരീരത്തിലുള്ളത്. എട്ടിടത്ത് പൊട്ടലുകളും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കല്ലുകൊണ്ടുള്ള ഇടയില്‍ അക്ബറിന്റെ കഴുത്തിന് പൊട്ടലുണ്ടായി എന്നും സഹോദരന്‍ പറയുന്നു.
വെള്ളിയാഴ്ച രാത്രിയാണ് പശുക്കളുമായി പോകുമ്പോള്‍ അക്ബറും സുഹൃത്ത് അസ്ലാമും ആക്രമിക്കപ്പെട്ടത്. പശുവിനെ കടത്തിക്കൊണ്ടുപോകുന്നുവെന്ന് ആരോപണിച്ചായിരുന്നു അല്‍വാറില്‍ ജനക്കൂട്ടം ഇവരെ മര്‍ദ്ദിച്ചത്. കല്ലുകളും വടികളും കൊണ്ടായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അക്ബറിലെ പോലീസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയും അക്ബറിന്റെ മരണത്തിന് കാരണമായിരുന്നു. ആറു കിലോമീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് മൂന്നു മണിക്കൂറാണ് എടുത്തത്. പരുക്കേറ്റു കിടന്ന അക്ബറിനെ ആദ്യം ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം പശുക്കളെ സുരക്ഷിതമായി ഗോശാലയിലേക്ക് മാറ്റി.
ആശുപത്രിയിലേക്കുള്ള വഴിയില്‍ ചായ കുടിക്കാന്‍ ഇവര്‍ ഹോട്ടലിലും കയറിയതായി കണ്ടെത്തിയിരുന്നു. അനാസ്ഥ കാണിച്ച പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയും സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























