ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് പ്രത്യേക നോഡല്‍ ഓഫീസര്‍ കൂടാതെ പ്രത്യേക സംഘവും; ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയാല്‍ അവര്‍ക്കെതിരെയും ശക്തമായ നടപടി

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാനും പ്രത്യേക ദൗത്യസംഘം രൂപവത്കരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. കുട്ടികളെ തട്ടിക്കൊണ്ടുപോകലും പശുക്കടത്തും ആരോപിച്ച് ജനക്കൂട്ടം ആക്രമണം നടത്തുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത് കേന്ദ്രത്തിന്റെ നടപടി. വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു.
ആള്‍ക്കൂട്ട ആക്രമണം തടയുകയും അന്വേഷണവും കോടതി നടപടികളും ശരിയായി മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് ഉദ്യോഗസ്ഥന്റെ കര്‍ത്തവ്യം. എസ്പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ ആള്‍ക്കൂട്ടക്കൊലപാതകത്തിനിടയാക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ നിരീക്ഷിക്കുകയും വേണം. എന്നാല്‍ ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യാഗസ്ഥനെതിരെ ശക്തമായ നടപടിയുമെടുക്കും.
ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച് ജൂലൈ 17 ഉണ്ടായ സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേന്ദ്രം വിഷയത്തില്‍ നടപടി സ്വീകരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മോഷണം, പശുക്കടത്ത് തുടങ്ങി വിവിധ തരത്തിലുള്ള അഭ്യൂഹങ്ങളുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും നേരിടുന്നതിന് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. കേരളത്തിലും ഇതിന്റെ അലയൊലികള്‍ ഉണ്ടായതിനു തെളിവാണ് മധുവിന്റെ കൊലപാതകവും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുനടന്ന അന്യസംസ്ഥാന തൊഴിലാളിയായ മാണിക് റോയിയുടെ കൊലപാതകവും
https://www.facebook.com/Malayalivartha

























