മിലിറ്ററി ബുള്ളറ്റുകള്‍ വിറ്റു തീരാന്‍ എടുത്തത് വെറും മൂന്നു മിനിറ്റ്!

ഐക്കോണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പരിമിതകാല പതിപ്പായ പെഗാസസ് ക്ലാസിക് 500 വിറ്റു തീര്‍ന്നത് വെറും മൂന്നു മിനിട്ടിലായിരുന്നു. ഇന്നലെ വൈകുന്നേരം നാലിന് ആരംഭിച്ച വില്‍പ്പന 178 സെക്കന്റ് (2.9 മിനിറ്റ്) കൊണ്ട് അവസാനിച്ചു. ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ള ക്ലാസിക് 500 പെഗാസസ് സ്വന്തമാക്കാന്‍ ആയിരങ്ങളാണ് രംഗത്തെത്തിയത്.
രാജ്യാന്തരമായി വില്‍പ്പനയ്‌ക്കെത്തുന്നത് പെഗാസസിന്റെ 1000 യൂണിറ്റുകള്‍ മാത്രമാണ്. അതില്‍ 250 എണ്ണമാണ് ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നത്. നേരത്തെ ജൂലൈ 10-ന് ഓണ്‍ലൈന്‍ ബുക്കിങ് ക്രമീകരിച്ചിരുന്നു. ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേര്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ ആയിരുന്നു ബുക്കിങ് ക്രമീകരിച്ചിരുന്നത്. എന്നാല്‍ ബൈക്ക് പ്രേമികളുടെ അനിയന്ത്രിത തള്ളിക്കയറ്റം മൂലം കമ്പനി വെബ്‌സൈറ്റ് നിശ്ചലമായിരുന്നു. സൈറ്റ് തകരാറിലായതോടെ ബുക്കിങ് സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വില്‍പ്പന നടന്നത്.
രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന ഫ്‌ലൈയിംഗ് ഫ്‌ലീ എന്ന മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇറക്കുന്ന ഈ ലിമിറ്റഡ് എഡിഷന്‍ യു കെ-യില്‍ നടന്ന ഒരു ചടങ്ങിലാണ് കമ്പനി ആദ്യമായി അവതരിപ്പിച്ചത്. മെയ് 30-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന മോഡലിന്റെ 1000 യൂണിറ്റുകള്‍ മാത്രമാണ് പുറത്തിറക്കുക. ഇതില്‍ 250 എണ്ണം ഇന്ത്യയിലും 190 എണ്ണം ബ്രിട്ടണിലും ലഭ്യമാക്കും.
സര്‍വ്വീസ് ബ്രൗണ്‍, ഒലിവ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ആണ് പെഗാസസ് 500 ഇറങ്ങുന്നതെങ്കിലും ഇന്ത്യയില്‍ ബ്രൗണ്‍ നിറത്തിലുള്ളത് മാത്രമാണ് ലഭ്യമാകുക. ഒലിവ് ഗ്രീന്‍ സൈന്യത്തിന്റെ വണ്ടികളുടെ നിറമായതിനാലാണ് ഇത്. ഹിമാലയന്‍ സ്ലീറ്റ് പോലെ ഓണ്‍ലൈന്‍ വഴിയായിരിക്കും പെഗാസസിന്റെ വില്‍പ്പന. ഏകദേശം 2 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
https://www.facebook.com/Malayalivartha