കോടതികള്‍ വിധികള്‍ കക്ഷികള്‍ക്കു ബോധ്യമാകുന്ന രീതിയില്‍ വ്യക്തതയോടെ വേണം പ്രഖ്യാപിക്കാനെന്ന് സുപ്രീംകോടതി
കക്ഷികള്‍ക്കു ബോധ്യമാകുന്ന വിധത്തില്‍ വ്യക്തതയോടെ വേണം കോടതികള്‍ വിധി പ്രഖ്യാപിക്കാനെന്നു സുപ്രീം കോടതി. കേസില്‍ ഒരു കക്ഷി ജയിക്കുകയും മറുഭാഗം തോല്‍ക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്നു വിധിന്യായം വായിച്ചാല്‍ മനസിലാകണമെന്നും ജസ്റ്റിസുമാരായ എ.എം. സാപ്രേ, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.പ്രോവിഡന്റ് ഫണ്ട് വിഹിതവുമായി ബന്ധപ്പെട്ട കേസിലെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്റെ വിധി പരാമര്‍ശിച്ചായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിയമതത്വങ്ങള്‍, വകുപ്പുകള്‍ ഉള്‍പ്പെടെയുള്ളവ വിധിന്യായത്തിലുണ്ടായിരിക്കണം. വാദമുഖങ്ങള്‍, ആര്‍ക്ക് അനുകൂലമായാണോ കേസ് വിധിക്കുന്നത് അതിലേക്കു നയിച്ച നിഗമനങ്ങളും കാരണങ്ങളും, വിധിപ്രഖ്യാപനത്തെ പിന്തുണയ്ക്കുന്ന വകുപ്പുകളും ചട്ടങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കോടതികള്‍ വിധിന്യായത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട കേസില്‍ വിധിപറഞ്ഞ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് നിര്‍ഭാഗ്യവശാല്‍ ഈ തത്വങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha