നെല്ല് കഴിച്ച മയിലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍... വിഷം അകത്ത് ചെന്നതാകാം കാരണമെന്ന് പ്രാഥമിക നിഗമനം

മധുരാന്തകം തടാകത്തിന് സമീപമായി 47 മയിലുകള്‍ ചത്ത നിലയില്‍. തമിഴ്നാട് മധുരയില്‍ വയലില്‍ നിന്ന് നെല്ല് കഴിച്ച 47 മയിലുകള്‍ കൂട്ടത്തോടെ ചത്തു. വിഷം കലര്‍ന്ന നെല്ല് കഴിച്ചതിനെ തുടര്‍ന്നായിരിക്കും മയിലുകള്‍ ചത്തതെന്നാണ് വനം വകുപ്പ് അധികൃതര്‍ സംശയിക്കുന്നത്. കീടങ്ങളെ കൊല്ലുന്നതിനായി കര്‍ഷകര്‍ നെല്‍ച്ചെടികളില്‍ കീടനാശിനികള്‍ തളിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ വിഷം കലര്‍ന്ന നെല്ലുകളായിരിക്കാം മയിലുകള്‍ കഴിച്ചതെന്നാണ് അധികൃതരുടെ സംശയം.
മയിലുകളുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. അതെ സമയം വനാതിര്‍ത്തിയിലുള്ള കൃഷിയിടത്തില്‍ കര്‍ഷകര്‍ വിഷം വച്ചതാകാം മയിലുകള്‍ ചാകാന്‍ കാരണമെന്ന് സംശയിക്കുന്നതായി മധുര വൈല്‍ഡ് ലൈഫ് റെയ്ഞ്ച് ഓഫീസര്‍ എസ്.അറുമുഖം പറഞ്ഞു. വിഷം വച്ചവര്‍ വന്യജീവി സംരക്ഷണനിയമപ്രകാരം ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പ്രതികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വേട്ടക്കാരില്‍ നിന്നും കര്‍ഷകരില്‍ നിന്നും വലിയ ഭീഷണി മധുര റെയ്ഞ്ച് വനമേഖലയ്ക്ക് ഉണ്ടെന്നും വനംവകുപ്പിനെ ഉദ്ധരിച്ച് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പാരിസ്ഥിതിക വ്യത്യാസങ്ങളുണ്ടായതോടെ മയിലുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്.
ഇവ വനാതിര്‍ത്തിയിലുള്ള ഗ്രാമങ്ങളിലേക്ക് കൂട്ടത്തോടെ എത്തിയതായാണ് വിലയിരുത്തപ്പെടുന്നത്. ഇങ്ങനെയെത്തുന്ന മയിലുകള്‍ക്ക് ഗ്രാമീണര്‍ ഭക്ഷ്യസാധനങ്ങള്‍ നല്‍കാറുമുണ്ട്. വെള്ളിയാഴ്ച്ച മുതല്‍ മയിലുകള്‍ എത്തിയിരുന്നില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
ചത്ത മയിലുകളെ പോസ്റ്റുമോര്‍ട്ടം ചെയ്താലെ കൂടുതല്‍ വിവരം അറിയാന്‍ സാധിക്കുകയുള്ളുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. മയിലുകളെ കൊല്ലുന്നത് 1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്‍റെ ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന കുറ്റമാണ്.
https://www.facebook.com/Malayalivartha

























