ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയതില്‍ പ്രതിഷേധം ശക്തം ; കേന്ദ്രസര്‍ക്കാര്‍ നടപടിയിൽ ജഡ്ജിമാര്‍ നാളെ ചീഫ് ജസ്റ്റിസിനെ കാണും

സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി കേന്ദ്രസര്‍ക്കാര്‍ താഴ്ത്തിയതില്‍ ജഡ്ജിമാര്‍ക്ക് പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ നടപടിയിലുള്ള പരാതി സുപ്രിം കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാര്‍ നാളെ ചീഫ് ജസ്റ്റിസ് ദിപക് മിശ്രയെ നേരില്‍ കണ്ട് അറിയിക്കും. ജുഡീഷ്യറിയുടെ അന്തസ്സ് ഇടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ അനുവദിക്കരുതെന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും. ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും.
ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി കൊളീജിയം ആദ്യം ശുപാര്‍ശ ചെയ്തത് ജനുവരി 10 നാണ്. ഏപ്രില്‍ 26 ന് കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി. ജൂലൈ 16 ന് ജസ്റ്റിസ് കെഎം ജോസഫിന്റെ പേരിന് പുറമെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരെയും സുപ്രിം കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു.
എന്നാല്‍ രാഷ്ട്രപതി നിയമന ഉത്തരവ് ഇറക്കിയപ്പോള്‍ സീനിയോറിറ്റിയില്‍ ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിക്കും ജസ്റ്റിസ് വിനീത് ശരണും പിന്നില്‍ മൂന്നാമതാണ്. ജനുവരിയില്‍ ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്ന സാഹചര്യത്തില്‍ സീനിയോറിറ്റിയില്‍ അദ്ദേഹമായിരുന്നു ആദ്യം വരേണ്ടിയിരുന്നതെന്ന് സുപ്രിം കോടതിയിലെ ചില ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ കാരണമാണ് സീനിയോറിറ്റിയില്‍ മാറ്റം ഉണ്ടായതെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്നതാണെന്ന് ജഡ്ജിമാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ജുഡീഷ്യറിയുടെ അന്തസ്സ് ഇടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ അനുവദിക്കരുതെന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുമെന്നും ജഡ്ജിമാര്‍ സൂചിപ്പിച്ചു. സുപ്രിം കോടതിയിലെ എത്ര ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ നേരില്‍ കാണുമെന്ന് വ്യക്തമല്ല. എന്നാല്‍ കൊളീജിയത്തിലേത് ഉള്‍പ്പടെയുള്ള ഭൂരിപക്ഷം ജഡ്ജിമാരും ചീഫ് ജസ്റ്റിസിനെ കണ്ട് പ്രതിഷേധം അറിയിക്കും എന്നാണ് സൂചന.
https://www.facebook.com/Malayalivartha


























