സിഖ് വിഘടനവാദികള്‍ ലണ്ടനില്‍ സംഘടിപ്പിക്കുന്ന പരിപാടി വിലക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി യുകെ; പരിപാടി സംഘടിപ്പിക്കുന്നത് യുഎസ് കേന്ദ്രമാക്കിയുള്ള 'സിഖ് ഫോര്‍ ജസ്റ്റിസ്' എന്ന സംഘടന

ഈ മാസം 12ന് ട്രഫാല്‍ഗര്‍ സ്വകയറില്‍ 'ലണ്ടന്‍ പ്രഖ്യാപനം' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി തടയണമെന്ന ആവശ്യമാണ് ലണ്ടന്‍ തള്ളിയത്. പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഹിതപരിശോധനയെന്നാണു വിഘടനവാദികള്‍ പരിപാടിയെ വിശേപ്പിക്കുന്നത്. പരിപാടിക്ക് കശ്മീരികളുടെ പിന്തുണയുള്ളതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണു വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ ഹൈക്കമ്മിഷണറും യുകെ സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ തെരേസ മേയുടെ കീഴിലുള്ള സര്‍ക്കാര്‍ ഇതു നിരസിക്കുകയായിരുന്നു.
നിയമ വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ട് യുകെയില്‍ ആളുകള്‍ക്കു സംഘടിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവകാശമുണ്ടെന്നു യുകെ വിദേശകാര്യ വക്താവ് വ്യക്തമാക്കി. എന്നാല്‍ ഭീതി സൃഷ്ടിക്കാന്‍ ഒരു സംഘടനകളെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരിപാടിക്കു ബദലായി മറ്റൊരു പരിപാടിയും ചിലര്‍ സംഘടിപ്പിക്കുന്നുണ്ടെന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ട്. സിഖ് മനുഷ്യവകാശ സംഘടനയും പരിപാടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. 1984 മുതലുള്ള സിഖ് പോരാട്ടത്തില്‍ തുറന്ന ചര്‍ച്ചയാണ് ഇനി ആവശ്യമെന്ന് അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























