കശ്മീര്‍: ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനാ വിരുദ്ധമാണോയെന്ന് പരിശോധിക്കാമെന്ന് സുപ്രീംകോടതി

സുപ്രീം കോടതി ഇടപെടുന്നു കാശ്മീരിനായി. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനാ വിരുദ്ധമാണോ എന്ന് പരിശോധിക്കാമെന്ന് സുപ്രീംകോടതി. കശ്മീരില്‍ ഇതര സംസ്ഥാനക്കാര്‍ ഭൂമി വാങ്ങുന്നത് തടയുന്ന ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് 35 എ വകുപ്പ് എതിരാണോ എന്നത് മാത്രമാണ് കോടതി പരിശോധിക്കുക. കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യം മൂന്നംഗ ബെഞ്ചാണ് പരിശോധിക്കേണ്ടതെന്നും കോടതി അറിയിച്ചു. വിഷയം ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ഭൂ ഉടമസ്ഥത, തൊഴില്‍ തുടങ്ങിയ വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ജമ്മുകശ്മീര്‍ സര്‍ക്കാറിന് പ്രത്യേക അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 35 എ വകുപ്പ്. ഈ നിയമപ്രകാരം ജമ്മുകശ്മീരിലെ ഭൂമി വാങ്ങുന്നതിന് മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വിലക്കുണ്ട്. തൊഴില്‍, ആനുകൂല്യങ്ങള്‍ എന്നിവക്കും ഈ നിയന്ത്രണം ബാധകമാണ്. 35 എ വകുപ്പ് സാധുതയില്ലാത്തതാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആര്‍ എസ് എസ് ബന്ധമുള്ള 'വി ദ സിറ്റിസണ്‍സ്' എന്ന സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് 35 എ വകുപ്പിന്റെ സാധുത പരിശോധിക്കാമെന്ന തീരുമാനത്തിലെത്തിയത്.
https://www.facebook.com/Malayalivartha


























